ചെരിപ്പൂരി എറിഞ്ഞ്, കൊല്ലുമെന്ന് ഭീഷണി: യാത്രക്കാർക്കെതിരെ 16 വയസ്സുകാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി
Mail This Article
ലണ്ടൻ ∙ വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം. 27ന് രാത്രി തുർക്കിയിലെ അന്റാലിയയിൽനിന്നു ലണ്ടൻ ഗാറ്റ്‌വിക്കിലേക്കു വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലായിരുന്നു (EZY8556) യുവതിയുടെ പരാക്രമം. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്താവളത്തിൽ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയർ അവധിയാത്ര അലങ്കോലപ്പെടുത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടർന്നു.
അടുത്തിരുന്ന പത്തുവയസ്സുള്ള കൊച്ചുകുട്ടി ഉച്ചത്തിൽ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. 16 വയസ്സുകാരിയായ യുവതിയാണ് വിമാനത്തിൽ പരാക്രമം കാട്ടി നിരവധി യാത്രക്കാരുടെ ക്രിസ്മസ്-ന്യൂ ഇയർ ഹോളിഡേ മടക്കയാത്ര അലങ്കോലപ്പെടുത്തിയത്. കുട്ടി ഉച്ചത്തിൽ ചുമച്ചപ്പോൾ ചുമ നിർത്താൻ യുവതി ആവശ്യപ്പെട്ടു. ഇതേത്തുർന്ന് ടോയ്‌ലറ്റിലേക്ക് പോയ പത്തു വയസ്സുകാരിയെ പിന്തുടർന്ന് യുവതി ആക്രോശം തുടരുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്കു നേരെയായിരുന്നു യുവതിയുടെ അടുത്ത പരാക്രമം. യുവതിയുടെ ശല്യം സഹിക്കവയ്യാതെ കരഞ്ഞ കുട്ടിയെയും അമ്മയെയും കാബിൻ ക്രൂ അംഗങ്ങൾ സമാധാനിപ്പിച്ച് മുൻനിരയിലെ സീറ്റിലേക്ക് മാറ്റി.
യുവതിയോട് സമാധാനമായിരിക്കാൻ ആവശ്യപ്പെട്ട കാബിൻ ക്രൂവിനെയും അവർ വെറുതെ വിട്ടില്ല. അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചെരിപ്പൂരി യാത്രക്കാർക്കുനേരെ എറിഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തരമായി ഇറക്കി യുവതിയെ പൊലീസിന് കൈമാറാൻ ക്യാപ്റ്റൻ തീരുമാനിച്ചത്. സഹയാത്രക്കാർക്കും കാബിൻ ക്രൂവിനുമെതിരെ അപമര്യാദയായി പെരുമാറുന്നത് പൊറുക്കാനാവില്ലെന്നും യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ ഈസിജെറ്റ് അധികൃതർ വ്യക്തമാക്കി.