ജർമനിയിൽ വീസ അപേക്ഷകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
Mail This Article
ബർലിൻ∙ ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവർക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. വിദേശകാര്യ മന്ത്രാലയമാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
പുതിയ വീസ പോർട്ടലിനെ 'യഥാർത്ഥ വിപ്ലവം' എന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വിശേഷിപ്പിച്ചു. ജനുവരി 1 മുതൽ ആരംഭിച്ച പുതിയ പോർട്ടൽ ലോകമെമ്പാടുമുള്ള ജർമനിയിലെ 167 വീസ ഓഫിസുകളിലും ലഭ്യമാണ്.
ഓരോ വർഷവും ജർമനിയിൽ കുറഞ്ഞത് 400,000 വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടെന്നും അതിനാൽ ദൈർഘ്യമേറിയ പേപ്പർ അപേക്ഷാ ഫോമുകളും കാത്തിരിപ്പ് കാലയളവുകളും ഒഴിവാക്കാൻ പുതിയ പോർട്ടൽ സഹായിക്കുമെന്നും ബെയർബോക്ക് പറഞ്ഞു.
ഒരു ഇമിഗ്രേഷൻ രാജ്യമെന്ന നിലയിൽ ജർമനിക്ക് 'അത്യാധുനികവും ഡിജിറ്റലും സുരക്ഷിതവുമായ ഒരു ദേശീയ വീസ പ്രക്രിയ' ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. രണ്ട് വർഷം മുൻപാണ് ഈ മാറ്റം തുടങ്ങിയത്. ദേശീയ വീസയുടെ 28 വിഭാഗങ്ങൾ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.