ഹജ്: രാജ്യത്തിന് പുറത്തുനിന്നുള്ള വാടക ബസുകൾ നിരോധിച്ചു
Mail This Article
മക്ക∙ തീർഥാടകരെ കൊണ്ടുപോകുന്നതിനായി രാജ്യത്തിനു പുറത്തുനിന്ന് ബസുകൾ വാടകയ്ക്കെടുക്കുന്നത് ഹജ്-ഉംറ മന്ത്രാലയം നിരോധിച്ചു. തീർഥാടക സേവനത്തിന് ഉപയോഗിക്കുന്ന ബസുകളുടെ വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് അതാത് സേവന കമ്പനികൾ ഓൺലൈൻ വഴി മന്ത്രാലയത്തെ അറിയിക്കണം. പുതിയ സേവന നിയമത്തിൽ ഇതുൾപ്പെടെ ഹജ് സേവന കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഒട്ടേറെ നിബന്ധനകളും പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്.
തീർഥാടകരുടെ സേവനത്തിനുള്ള ബസിനു മുകളിൽ വിഐപി എന്ന് എഴുതി വയ്ക്കാൻ പാടില്ല. ഈ ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. ഇതിനായി പ്രത്യേകം ലൈസൻസ് എടുത്ത ബസുകൾ മാത്രമേ പുണ്യ നഗരിയിൽ പ്രവേശിക്കാവൂ. ശേഷിയെക്കാൾ കൂടുതൽ ആളുകളെ കയറ്റരുത്. 500 തീർഥാടകർക്ക് ഒരു ബസ് എന്ന കണക്കിൽ നേരത്തെ തന്നെ സേവന കമ്പനികൾ ബസ് ബുക്ക് ചെയ്യണം. മിനായിലെ കൂടാരത്തിനുള്ള വാടക ഈ മാസം 23ന് മുൻപ് അടയ്ക്കണമെന്നും മന്ത്രാലയം അറിയിച്ചു.