ADVERTISEMENT

ദുബായ് ∙ എട്ടു വർഷം മുൻപ് ദുബായിൽ മരിച്ച മലയാളി യുവാവിന്റെ സമ്പത്ത് അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിനും ലഭിക്കും. 2011ൽ മരിച്ച പാല സ്വദേശി ഷിന്റോയുടെ യുഎഇയിലെ ബാങ്ക് ബാലൻസ്, ഇൻഷുറൻസ്, സ്ഥാപനത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാമുൾപ്പെടെ നാലു ലക്ഷം ദിർഹം ( ഏതാണ്ട് 75 ലക്ഷം രൂപ) ആണ് കുടുംബത്തിന് ലഭിക്കുക. ഷിന്റോ മരിച്ച് എട്ടു വർഷത്തിനു ശേഷമാണ് പണം അമ്മ മേരിക്കുട്ടിക്കും സഹോദരന്റെ  കുടുംബത്തിനും ലഭിക്കുന്നത്. അവിവാഹിതനായി ദുബായിൽ ഉയർന്ന നിലയിൽ ജോലി ചെയ്തിരുന്ന മകൻ ഷിന്റോയ്ക്ക് മികച്ച സമ്പാദ്യമുണ്ടെന്ന് അറിയുമായിരുന്നെങ്കിലും അത് എത്രയെന്നോ എവിടെയെന്നോ അമ്മയ്ക്ക് അറിയുമായിരുന്നില്ല. 

മകൻ നഷ്ടപ്പെട്ട ദുഃഖം മാറ്റാൻ പണത്തിന് കഴിയില്ല എന്നതിനാൽ അവ വീണ്ടെടുക്കാൻ കാര്യമായ ശ്രമങ്ങളോ എഴുത്തു കുത്തുകളോ നടത്തിയതുമില്ല. ഷിന്റോയുടെ സഹോദരൻ ദുബായിലെ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും സ്വത്ത് സംബന്ധിച്ച കാര്യമായ വിവരങ്ങളും ഇല്ലായിരുന്നു, അതിനിടെ ഷിന്റോയുടെ സഹോദരൻ കൂടി മരിച്ചു. ഇതോടെ കുടുംബം ഇൗ പണമെല്ലാം മനസുകൊണ്ട് എഴുതിത്തള്ളുകയും ചെയ്തു. ഏതാനും നാൾ മുൻപ് കുടുംബം തീരാ ദുഃഖത്തിലാവുകയും സമ്പാദ്യത്തിന്റെ കാര്യം പാടേ മറക്കുകയുമായിരുന്നു. 

എന്നാൽ,  സുഹൃത്തുക്കളിലൊരാൾ നിർദേശിച്ചതു പ്രകാരം ദുബായിലെ സ്ഥാപനങ്ങളുമായി വീണ്ടും ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഷിന്റോ വിൽപത്രം എഴുതിവെച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ തൊഴിലുടമ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ജസ്റ്റ് വിൽസ് എന്ന സ്ഥാപനത്തിന്റെ തലവൻ മുഹമ്മദ് മറിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

മരണത്തിന് എട്ടു വർഷത്തിന് ശേഷം അവിചാരിതമായി അമ്മയെ തേടി ദുബായിൽ നിന്ന് ഫോൺവിളി എത്തുകയായിരുന്നു. അമ്മയും സഹോദരനും മാത്രമാണ് അവിവാഹിതനായിരുന്ന ഷിന്റോയുടെ നിയമപരമായ അവകാശികൾ. നിയമപ്രകാരം അമ്മയ്ക്ക് സ്വത്തിന്റെ മൂന്നിലൊന്ന് ലഭിക്കും. ബാക്കി തുക സഹോദരന്റെ കുടുംബത്തിനും. മക്കളുടെ വിയോഗത്തിൽ അഗാധ ദുഃഖത്തിലായ കുടുംബത്തിന് അർഹിച്ച സ്വത്തു വിഹിതം ലഭിച്ചതിൽ യുഎഇയിലെ സുഹൃത്തുക്കളും ബന്ധുക്കളും സന്തോഷം പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com