അൽഖോറിൽ ദേശീയ പ്രമേഹ ചികിത്സാ കേന്ദ്രം തുറക്കും
Mail This Article
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ അൽഖോർ ആശുപത്രിയിൽ നവീകരണത്തിന്റെ ഭാഗമായി ദേശീയ പ്രമേഹ ചികിത്സാ കേന്ദ്രം നിർമിക്കും. പുതിയ ഫിസിയോതെറപ്പി കേന്ദ്രവും നിർമിക്കും. അൽഖോറിലെ പ്രമേഹ രോഗികൾക്ക് പ്രത്യേക സേവനങ്ങളോടു കൂടിയ പുതിയ കേന്ദ്രം ഗുണകരമാകുമെന്ന് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് അൽ ജുസൈമാൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് 18 മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ദന്ത ചികിത്സാ സേവനങ്ങൾ, അടിയന്തര തീവ്രപരിചരണ യൂണിറ്റ്, ഹ്രസ്വകാല പരിചരണ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, കുട്ടികളുടെ അടിയന്തര ചികിത്സാ കേന്ദ്രം എന്നിവയുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. നവീകരണത്തിന് ശേഷം പുതിയ ക്യൂ സംവിധാനത്തിനും തുടക്കമാകും. ഇതോടെ രോഗികളുടെ കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയും. 2020 ഡിസംബറോടെ നവീകരണം പൂർത്തിയാകും. 2005 ൽ തുടക്കമിട്ട അൽഖോർ ആശുപത്രിയിൽ നിലവിൽ 115 കിടക്കകളും ജനറൽ മെഡിസിൻ, സർജറി, അടിയന്തര പരിചരണം, കുട്ടികളുടെ ചികിത്സ, പ്രസവം തുടങ്ങിയ വിഭാഗങ്ങളിൽ സേവനവുമുണ്ട്.