ADVERTISEMENT

ദുബായ്∙ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ത്യൻ സമൂഹത്തിന്റെ പിറന്നാൾ ഗാനോപഹാരം. അമ്പതു സുവർണ സംവൽസരങ്ങൾ എന്ന അറബിക്കിലുള്ള ഈ ഗാനം പാടിയതും നിർമിച്ചതും മലയാളി ഗായിക സുചേതാ സതീഷാണെന്നത് മലയാളികൾക്ക് അഭിമാനത്തിന് വകനൽകുന്നു. ഇതിനു പുറമെ പ്രശസ്തരുടെ സംഗമം കൂടിയാണിത്. പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് ഗാനിമിന്റെ കവിതയ്ക്കാണ് ബോളിവുഡ് സംഗീത സംവിധായകൻ മോണ്ടി ശർമ ഈണം നൽകിയത്. കൊൽക്കത്ത ഏഷ്യൻ സൊസൈറ്റിയുടെ ടാഗോർ പീസ് അവാഡ് വരെ നേടിയ കവിയാണ് ഡോ.ഷിഹാബ്. സാവരിയ, ദേവദാസ്, രാംലീല തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച വ്യക്തിയാണ് മോണ്ടി ശർമ. ഇന്ത്യൻ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സുചേതയാകട്ടെ ഒരു കച്ചേരിയിൽ ഏറ്റവും കൂടുതൽ ഭാഷകളിലും ഏറ്റവുമധികം സമയം പാടിയതിനും ഗിന്നസ് റെക്കോർഡ് നേടിയ ബാലികയുമാണ്. 102 ഭാഷകളിൽ  ആറ് മണിക്കൂർ 15 മിനിറ്റാണ് സുചേത പാടിയത്.

ഗാനത്തിന്റെ പ്രകാശനം ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ നിർവഹിക്കുന്നു. മോണ്ടിശർമ, സുചേത സുരേഷ്, ഡോ.ഷിഹാബ് ഗാനിം, എന്നിവർ സമീപം.
ഗാനത്തിന്റെ പ്രകാശനം ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ നിർവഹിക്കുന്നു. മോണ്ടിശർമ, സുചേത സുരേഷ്, ഡോ.ഷിഹാബ് ഗാനിം, എന്നിവർ സമീപം.

ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി അമ്പതുവർഷം തികച്ച വേളയിൽ അതെക്കുറിച്ച് ഡോ.ഷിഹാബ് എഴുതിയ കവിതയാണ് ചെറിയ മാറ്റങ്ങളോടെ ഗാനരൂപത്തിലാക്കിയത്. അറബിക് പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ കവിത ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് സന്തോഷസൂചകമായി തന്റെ ആത്മകഥയുടെ പകർപ്പ് കയ്യൊപ്പിട്ട് ഡോ.ഷിഹാബിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

നാലു മിനിറ്റ് 45 സെക്കൻഡാണ് ഗാനത്തിന്റെ ദൈർഘ്യം. മോണ്ടി ശർമയുടെ മുംബൈയിലെ സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തത്. ഗാനത്തിന്റെ പ്രകാശനം ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ നിർവഹിച്ചു. ഡോ.ഷിഹാബ് ഗാനിം, മോണ്ടിശർമ, സുചേത സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു. ഗാനത്തിന്റെ ഒരു പകർപ്പ് ഷെയ്ഖ് മുഹമ്മദിന് കൈമാറും.

പഠനമികവിന് സുചേതയ്ക്ക് 2013ൽ ലഭിച്ച ഷെയ്ഖ് ഹംദാൻ അവാർഡ് തുകയാണ് ഗാനനിർമാണത്തിനായി ചെലവഴിച്ചതെന്നു സുചേതയുടെ പിതാവായ ഡോ. സതീഷ് പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ ഇവിടുത്തെ ഭരണാധികാരികൾ നമ്മളോട് കാണിക്കുന്ന സ്നേഹത്തിനുള്ള എളിയ നന്ദി പ്രകടനമാണ് ഗാനോപഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shehab
ഡോ.ഷിഹാബ് ഗാനിം

നീണ്ട വരികളും കഠിനപദങ്ങളുമുള്ള തന്റെ കവിത ഒരിക്കലും ഈ രീതിയിൽ ഗാനമായി മാറുമെന്ന് കരുതിയില്ലെന്നും സുചേതയുടെ ശബ്ദത്തിൽ പാടിക്കേട്ടപ്പോൾ അതിയായ ആഹ്ലാദം തോന്നിയെന്നും ഡോ.ഷിഹാബ് ഗാനിം പറഞ്ഞു. പ്രായത്തിൽകവിഞ്ഞ പക്വതയോടെയാണ് സുചേത ഈ ഗാനം ആലപിച്ചിരിക്കുന്നതെന്നും കവിതയുടെ ചിട്ടവട്ടങ്ങൾ ഗാനമാക്കി മാറ്റിയെടുക്കാൻ സ്വൽപം ക്ലേശിച്ചെങ്കിലും പൂർത്തിയായതോടെ തികഞ്ഞ സംതൃപ്തി തോന്നുന്നെന്നും മോണ്ടി ശർമയും വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com