എമിഗ്രേഷൻ ജയിൽ സന്ദർശനത്തിന് പുതിയ സമയം; അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കരുത്
Mail This Article
ദുബായ് ∙ ദുബായ് അൽ അവീറിലുള്ള എമിഗ്രേഷൻ ജയിലിലെ അന്തോവാസികളെ സന്ദർശിക്കുവാനുള്ള പുതിയ സമയക്രമം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ എട്ടു മുതൽ 11 വരെയുള്ള സമയത്ത് പുരുഷമാരായ ജയിൽവാസികളെ സന്ദർശിക്കാം. ശനിയാഴ്ച രാവിലെ എട്ടു മുതൽ 11 വരെയുള്ള സമയത്ത് സ്‌ത്രീകളെയും സന്ദർശിക്കാം. മുൻപ് എമിഗ്രേഷൻ ജയിൽ സന്ദർശന സമയം വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12 വരെ പുരുഷന്മാർക്കും വൈകിട്ട് നാലു മുതൽ ആറു വരെ സ്ത്രീകൾക്കും ആയിരുന്നു.
അതേസമയം, അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയോ അവരെ ജോലിയ്ക്ക് നിയമിക്കുകയോ ചെയ്യരുതെന്ന് ബ്രിഗേഡിയർ ജനറൽ ജനറൽ ഖലഫ് അൽ ഗൈഥ് പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്നവർക്ക് 100,000 ദിർഹമാണ് പിഴ. അനധികൃത താമസകാർക്ക് അവരുടെ താമസ-കുടിയേറ്റ രേഖകൾ ശരിയാകാനും പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരിയാക്കാനുമായി കഴിഞ്ഞ വർഷം യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. കാരുണ്യവർഷമായി രാജ്യം ആചരിച്ച സായിദ് വർഷത്തിന്റെ ഭാഗമായിരുന്നു ഇത്തരക്കാർക്ക് ഏറെ സഹായകരമായ പൊതുമാപ്പ് നിലവിൽ വന്നിരുന്നത്. അഞ്ചുമാസത്തോളമാണ് പൊതുമാപ്പ് അന്ന് രാജ്യത്ത് നിലവിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീണ്ടു നീണ്ടുനിന്നിരുന്നു. എന്നിട്ടും പൊതുമാപ്പിന്റെ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവർക്ക് എതിരെ നടപടികൾ ഉണ്ടാകുമെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാലയളവിൽ പൊതുമാപ്പിന്റെ പ്രചാരണവും അതിന്റെ ആനുകൂല്യങ്ങളും മലയാളമടക്കമുള്ള വിവിധ ഭാഷ- മാധ്യമങ്ങളിലൂടെ എമിഗ്രേഷൻ വകുപ്പ് നിരന്തരം ആളുകളെ ബോധവത്കരിച്ചിരുന്നു. രാജ്യത്തിന്റെ നിയമവ്യവസ്‌ഥികൾ അംഗീകരിക്കാതെ ഇവിടെ തങ്ങുന്നത് നിയമലംഘനമാണ്. ഇതിനെ ഏറെ ഗൗരവമായാണ് അധിക്യതർ നോക്കി കാണുന്നത്.
കഴിഞ്ഞ വർഷം ദുബായിൽ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05,809 പേർക്കായിരുന്നുയെന്ന് ദുബായ് എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി പറഞ്ഞു. ഇതിൽ 1,212 പേർ യുദ്ധം മറ്റും കൊണ്ട് കഷ്‌ടത അനുഭവിക്കുന്ന രാജ്യത്തിൽ നിന്നുള്ളവരായിരുന്നു. ഈ കാലയളവിൽ ദുബായിൽ 13,843 പേർ അവരുടെ വിസ സ്റ്റാറ്റസ് മാറ്റിയെടുത്തു. 18,530 പേർ വീസ പുതുക്കുകയും 6,288 ആളുകൾക്ക് പുതിയ റസിഡൻസി വീസ വകുപ്പ് അനുവദിച്ചു നൽകുകയും ചെയ്തു. ഒപ്പം പൊതുമാപ്പ് നടപടി പൂർത്തിയാക്കി ദുബായിൽ നിന്ന് രാജ്യം വിട്ടവർ 30,387 പേരാണെന്ന് അധിക്യതർ വ്യക്തമാക്കി. ഈ സമയത്ത് തന്നെ പുതിയ ജോലി അന്വേഷിക്കുന്നവർക്ക് 35,549 വീസകളും അനുവദിച്ചു.
‘താമസ രേഖകൾ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു’ എന്ന സന്ദേശത്തിലാണ് കഴിഞ്ഞ വർഷം പൊതുമാപ്പ് രാജ്യത്ത് നിൽവിലുണ്ടായിരുന്നത്. ഈ സമയത്ത് ദുബായിലെ പൊതുമാപ്പ് കേന്ദ്രമായ അൽ അവീറിൽ വിപുലമായ സൗകര്യങ്ങളാണ് അധിക്യതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ പൊതുമാപ്പിൽ നിന്ന് വ്യത്യസ്തമായി രാജ്യം വിട്ടുപോയവർക്ക് വീണ്ടും യുഎഇയിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവസരവും അധിക്യതർ ഈ അവസരത്തിൽ നൽകിയിരുന്നു.