ഹജ്ജിന് നാളെ സമാപനം
Mail This Article
മക്ക∙ ഇന്നും നാളെയും കൂടി മിനായിലെ കല്ലേറു കർമത്തിനു ശേഷം ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനം. ഇന്നത്തെ കല്ലേറു കർമം പൂർത്തിയാക്കി സന്ധ്യയ്ക്കു മുൻപു മിനായുടെ അതിർത്തി കടക്കുന്നവർക്കു മക്കയിലേക്കു തിരിക്കാം. അല്ലാത്തവർ ഇന്നു കൂടി താമസിച്ചു നാളെ കല്ലെറിഞ്ഞ ശേഷമേ മിനായോടു വിടപറയൂ. ഇന്ത്യക്കാർ നാളെയാണു മക്കയിലേക്കു മടങ്ങുക. ഇന്നലെ മിനായിലും മക്കയിലും ഒരുമണിക്കൂറോളം കനത്ത മഴ പെയ്തു. മിനായിലെ റോഡുകളിൽ ചിലയിടത്തു വെള്ളക്കെട്ടുണ്ടായി.
ടെന്റുകളിൽ ചെറിയ തോതിൽ വെള്ളം കയറി. എന്നാൽ കല്ലേറു കർമം സുഗമമായി നടന്നതായി സൗദി അധികൃതർ അറിയിച്ചു. 25 ലക്ഷത്തോളം ഹജ് തീർഥാടകരിൽ 3.68 ലക്ഷം പേർ മക്കയിലെയും മദീനയിലെയും മിനായിലെയും ആശുപത്രികളിൽ ചികിൽസതേടി. 29 പേർക്ക് അടിയന്തര ഹൃദയശസ്ത്രക്രിയയും 1949 പേർക്ക് ഡയാലിസിസും നടത്തി. 2932 പേർ ഇപ്പോഴും ആശുപത്രിയിലാണ്.
മക്കയിൽ അഞ്ചും അറഫയിൽ രണ്ടും മിനായിൽ ഒന്നും വീതം നവജാത ശിശുക്കളും പിറന്നു. ഗിനിയയിൽ നിന്നുള്ള മൈമുന, അറഫ സംഗമത്തിനിടെ ജബലു റഹ്മ(കാരുണ്യത്തിന്റെ മല)യിലാണു മകനു ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ സഹതീർഥാടകർ സഹായത്തിനെത്തുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിനു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേരാണിട്ടത്.