ഭിന്നശേഷിക്കാരായ കുട്ടികളുടെ ‘പുഞ്ചിരി’ വിടർന്നു; യുഎഇയിൽ ഇത് പുതിയ ചരിത്രം
Mail This Article
ദുബായ് ∙ അൽ ഇബ്തിസാമ എന്ന അറബിക് വാക്കിനർഥം പുഞ്ചിരി എന്നാണ്. യുഎഇയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് ആരംഭിച്ച അൽ ഇബ്തിസാമ സെൻ്റർ ഫോർ പീപ്പിൾ വിത് ഡിസബിലിറ്റീസിൽ സെപ്തംബർ ഒൻപതിന് അധ്യയനം ആരംഭിക്കും. രാവിലെ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടന പരിപാടി നടക്കും. വൈകിട്ട് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംബന്ധിക്കും. കഴിഞ്ഞ ഒരു മാസമായി സ്കൂളിലെ ഫിസിയോ തെറാപ്പി വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും പൂർണ തോതിൽ അധ്യയനം ഇൗ ദിവസം മുതലായിരിക്കുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ മനോരമയോട് പറഞ്ഞു. 25 കുട്ടികൾക്കാണ് ഫിസിയോ തെറാപ്പി ചികിത്സ നൽകിവരുന്നത്. അധ്യാപകരുൾപ്പെടെ 10 പേർ ഇതിനായി പ്രവർത്തിക്കുന്നു.
ആറു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായുള്ള സ്കൂളാണിത്. പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ടായിരിക്കും. പ്രിൻസിപ്പലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ വിദഗ്ധ പരിശീലനം നേടിയ എട്ട് അധ്യാപകരും നാട്ടിൽ നിന്ന് ഉടനെത്തും. സന്ദർശക വീസയിലെത്തുന്ന അധ്യാപകരെ മൂന്നു മാസത്തെ പ്രബേഷൻ കഴിഞ്ഞാണ് സ്ഥിരപ്പെടുത്തുക. അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള കണ്ണൂർ സ്വദേശി ജയരാനാരായണനാണ് പ്രിൻസിപ്പൽ. കൂടാതെ, 10 അധ്യാപികമാരെ യുഎഇയിൽ നിന്നു തന്നെ കണ്ടെത്തി നിയമനം നടത്തി. അധ്യാപകരെല്ലാം മലയാളികളാണ്. എട്ടു കുട്ടികൾക്ക് ഒരു അധ്യാപികയും ഒരു സഹ അധ്യാപികയും എന്ന കണക്കിലാണ് അധ്യാപനം. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ബിഎഡും ഡിപ്ലോമയും നേടിയിട്ടുള്ളവരാണ് യഥാക്രമം അധ്യാപികമാരായും സഹ അധ്യാപികമാരായും പ്രവർത്തിക്കുക. ഇവർക്ക് താമസ സൗകര്യവും മറ്റും സ്കൂൾ ഒരുക്കി.
എല്ലാ അനുമതികളും സിഡിഎയിൽ നിന്നു ലഭ്യമായി. ആധുനിക സൗകര്യമുള്ള ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി, പ്രത്യേക വിദ്യഭ്യാസം, തൊഴിൽ പരിശീലനം, രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങൾ എന്നിവയും ലഭ്യമായിരിക്കും. സ്കൂൾ പ്രവേശനത്തിന് 110 കുട്ടികൾ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവരിൽ നിന്ന് ഏറ്റവും സഹായം ആവശ്യമുള്ള 60 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നൽകിയത്. ഇതിൽ ഉത്തരേന്ത്യക്കാരും പാക്കിസ്ഥാനി, ബംഗ്ലാദേശി കുട്ടികള്‍ ഒാരോന്നു വീതവുമുണ്ട്. അറബിക് അറിയുന്ന ബംഗ്ലാദേശ് സ്വദേശിനിയായ സെക്രട്ടറിയേയും നിയമിച്ചിട്ടുണ്ട്. യുഎഇയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റു സ്കൂളുകളിൽ നിന്നും ഫിസിയോ തെറാപ്പിക്ക് വേണ്ടി തങ്ങളെ സമീപിച്ചതായി ജോൺസൺ പറഞ്ഞു.
സമയക്രമവും യാത്രാ സൗകര്യവും
രാവിലെ 7.30 നാണ് ക്ലാസ് ആരംഭിക്കുക. ഉച്ചയ്ക്ക് 12.30ന് അവസാനിക്കും. എന്നാൽ വൈകിട്ട് 4.30 വരെ ഫിസിയോ തെറാപ്പി വിഭാഗം പ്രവർത്തിക്കും. കുട്ടികളുടെ യാത്രയ്ക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഡ്രൈവർമാരാടക്കം ബസ് ജീവിക്കാർക്കും പ്രത്യേക പരിശീലനം നൽകി.
യുഎഇയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മറ്റു സ്കൂളുകളേക്കാൾ തീർച്ചയായും കുറഞ്ഞ ഫീസായിരിക്കും അൽ ഇബ്തിസാമയിൽ ഇൗടാക്കുകയെന്ന് ജോൺസൺ വ്യക്തമാക്കി. എന്നാൽ, വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി അടക്കം യുഎഇ അധികൃതരിൽ നിന്ന് സ്കൂളിന്റെ കാര്യത്തിൽ നിർലോഭമായ സഹായ സഹകരണം ലഭിച്ചതായും അതിന് ഇന്ത്യക്കാർക്ക് വേണ്ടി നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സ്കൂളിൽ അധ്യയനം നേരത്തെ ആരംഭിക്കാൻ കഴിയുമായിരുന്നുവെങ്കിലും വേനലവധി കഴിഞ്ഞ് സെപ്തംബറിൽ മറ്റു സ്കൂളുകളോടൊപ്പം തുറക്കാൻ ഷാർജ വിദ്യാഭ്യാസ അധികൃതർ നിർദേശിക്കുകയായിരുന്നു. ഫർണിച്ചറുകളടക്കം എല്ലാ സംവിധാനങ്ങളും നേരത്തെ തന്നെ ഒരുക്കി. 16 മുറികളുള്ള മനോഹരമായ വില്ലയ്ക്ക് 500 ചതുരശ്ര അടി വിസ്തീർണത്തിൽ കളിസ്ഥലമുണ്ട്. കൂടാതെ, ഇത്തരം വിദ്യാലയങ്ങൾക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ശരിയായ പരിശീലനം നൽകുന്നതിനായി ഏർലി ഇന്റെർവെൻഷൻ സെന്ററും തൊഴിൽ പരിശീലന കേന്ദ്രവും ഈ മേഖലയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നതിനായി വിവിധ കോഴ്സുകളും ആരംഭിക്കാൻ സ്ഥാപനം ലക്ഷ്യമിടുന്നു.
മനോരമ വാർത്ത തുടക്കം
മക്കളുടെ പഠനത്തിനും ചികിത്സയ്ക്കും വഴികാണാനാകാതെ യുഎഇയിലെ ഭിന്നശേഷിയുള്ള ആയിരത്തിലേറെ കുട്ടികളുടെ രക്ഷിതാക്കൾ പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യം മലയാള മനോരമ 2015 മാർച്ച് 10ന് റിപോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അസോസിയേഷൻ ഭാരവാഹികൾ ഇൗ വിഷയം അടിയന്തരപ്രാധാന്യത്തോടെ പരിഗണിച്ചത്. വാർത്തയെ തുടർന്ന് മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്ക് അടക്കം ഒട്ടേറെ സ്ഥാപനങ്ങൾ കുട്ടികൾക്ക് സഹായ ഹസ്തം നീട്ടുകയും ചെയ്തു.
ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിനും മതിയായ ചികിത്സ നല്‍കുന്നതിനും വൻ തുക വേണ്ടിവരുന്നതായിരുന്നു നൂറിലേറെ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ മാതാപിതാക്കളെ വലച്ചിരുന്നത്. പ്രശ്നപരിഹാരം തേടി 25 ലേറെ കുട്ടികളുമായി ഷാര്‍ജയിൽ താമസിക്കുന്ന മലയാളി രക്ഷിതാക്കൾ ഇന്ത്യൻ അസോസിയേഷനെ സമീപിച്ച് 71 പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു.
മൂന്ന് വര്‍ഷം മുൻപ് നഴ്സറി സ്കൂൾ തുടങ്ങാൻ വേണ്ടി അസോസിയേഷൻ വാങ്ങിയ വില്ലയാണ് അൽ ഇബ്തിസാമ സെന്റർ ഫോർ പീപ്പിൾ വിത് ഡിസബിലിറ്റിയാക്കിയത്. 2018 മേയിൽ അധികാരത്തിൽ വന്ന ഇ.പി. ജോൺസൺ പ്രസിഡന്റും അബ്ദുള്ള മല്ലച്ചേരി ജനറൽ സെക്രട്ടറിയും കെ. ബാലകൃഷ്ണൻ ട്രഷററുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18 അംഗ ഭരണസമിതിയുടെ ആത്മാർഥ പരിശ്രമമാണ് ഈ സ്ഥാപനം യാഥാർഥ്യമാക്കിയത്. 40 വർഷങ്ങൾ പിന്നിടുന്ന ഇന്ത്യൻ അസോസിയേഷന്റെ വളർച്ചയിലെ മറ്റൊരു പൊൻ തൂവൽ കൂടിയാണ് സ്ഥാപനം. ആദ്യമായാണ് ഒരു അസോസിയേഷൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി സ്ഥാപനം ആരംഭിക്കുന്നത്. സ്കൂൾ ആരംഭിക്കുന്നതോടെ തങ്ങളുടെ കുട്ടികളുടെ ഭാവി കുറച്ചെങ്കിലും ശോഭനമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.