കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനം തിങ്കളാഴ്ച തുടങ്ങും
Mail This Article
ദുബായ് ∙ സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സമ്മേളനം തിങ്കളാഴ്ച ദുബായിൽ മെയ്ദാൻ ഹോട്ടലിൽ ആരംഭിക്കും. സഭാ പിതാക്കന്മാരും സമുദായ പ്രമുഖരും സംഘടനാ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. യുഎഇ സാംസ്കാരിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ് മാര്‍ പോള്‍ ഹിന്റര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി പുളിക്കകര, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും
26 രാജ്യങ്ങളില്‍ നിന്ന് 170 പ്രതിനിധികള്‍ പങ്കെടുക്കും. സമുദായ അംഗങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള 'വിഷന്‍ 2025' ന്റെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികളുടെ രൂപീകരണമാണ് രണ്ടു ദിവസത്തെ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. കർഷകരെ ഉദ്ദേശിച്ച് ഫാർമേഴ്സ് പ്രൊഡക്ഷൻ കമ്പനി രൂപീകരണവും ലക്ഷ്യമിടുന്നു.
‘നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട്’ എന്നതാണ് സമ്മേളന മുദ്രവാക്യം. വിവിധ വിഷയങ്ങളിൽ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ബെംഗളുരു സൈം ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഫ. ജെ. ഫിലിപ്പ്, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ എന്നിവർ പ്രസംഗിക്കും. ഒന്നിന് വൈകിട്ട് സമാപിക്കും.
സഭയിലെ പന്ത്രണ്ടോളം ബിഷപ്പുമാർ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, വിവിധ രാജ്യങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുക്കും. ഗ്ലോബൽ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറൽ കൺവീനർ ബെന്നി പുളിക്കക്കര, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, എസ്എംസിഎ ദുബായ് പ്രസിഡന്റ് വിപിൻ വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിസന്ധികൾ എക്കാലത്തും, ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്
സഭയിൽ എല്ലാക്കാലത്തും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെന്നും അതത് കാലത്ത് അവ പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ മാർ റെമീജിയോസ് ഇഞ്ചനാനിൽ വ്യക്തമാക്കി. മാർപ്പാപ്പയുടെ ഭാരത സന്ദർശനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതു സംബന്ധിച്ച് സർക്കാരിനോട് ആവശ്യം ഉന്നയിക്കുമെന്നും ബിജു പറയന്നിലം വ്യക്തമാക്കി. ഗാഡ്ഗിൽ റിപ്പോർട്ടിനോട് അനുകൂല നിലപാടാണെങ്കിലും കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകണമെന്നാണ് ആഗ്രഹം. ജനിച്ച നാട്ടിൽ നിന്ന് കർഷകർക്ക് ഇറങ്ങിപ്പോകാൻ ഇടവരരുത്. ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസാണ് കത്തോലിക്കാ കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഇരുവിഭാഗം േനതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ചർച്ചകൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.