ഇന്ത്യൻ സവാളയ്ക്ക് ഇരട്ടിവില
Mail This Article
ദുബായ് ∙ വരവ് നിലച്ചതോടെ ഇന്ത്യൻ സവാളയ്ക്ക് വിപണിയിൽ വിലകൂടി. കിലോയ്ക്ക് 4 ദിർഹമായിരുന്ന ( ഏകദേശം 77 രൂപ) ഇന്നലെ വാട്ടർഫ്രണ്ട് മാർക്കറ്റിലെ വില. എന്നാൽ പല ഗ്രോസറികളിലും വില 4.50 ദിർഹമായി. നിലവിലുള്ള സ്റ്റോക്ക് തീരുന്നതോടെ ഇന്ത്യൻ സാവളയുടെ ക്ഷാമം രൂക്ഷമാകും.
ഇന്ത്യയിൽ സവാള വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചത്. ക്ഷാമം ഒഴിവാക്കാൻ പാക്കിസ്ഥാൻ, ഈജിപ്ത്, ഇറാൻ എന്നിവിടങ്ങളിൽ നിന്നു കൂടുതൽ സവാള വ്യാപാരികൾ എത്തിക്കുന്നുണ്ട്. ഇറാൻ- ഈജിപ്ത് സവാളയ്ക്ക് 2.50 ദിർഹമാണ് ഏകദേശ വില. ചില ഹൈപ്പർ മാർക്കറ്റുകളിൽ ഒരു ദിർഹത്തിനും ഒന്നര ദിർഹത്തിനും ഒാഫർ വിൽപനയുണ്ട്. പിങ്ക് നിറത്തിൽ വലുപ്പം കൂടിയ ഈ സവാളയോട് മലയാളികൾക്കു താൽപര്യമില്ല. പാക്കിസ്ഥാൻ സവാളയാണ് തമ്മിൽ ഭേദം. ഇതിനു 3 ദിർഹമാണ് വില. പല കടകളിലും നേരിയ വ്യത്യാസമുണ്ടാകും.
മറുനാടൻ സവാള ചേർത്താൽ കറികളുടെ രുചി കുറയുമെന്നു വീട്ടമ്മമാരും ഹോട്ടലിലെ പാചകക്കാരും പറയുന്നു. അതേസമയം, വിലവർധന താൽക്കാലികമാണെന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമകൾ പറയുന്നു. കാലാവസ്ഥാ പ്രശ്നങ്ങളും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
നാടൻ രുചിക്കു വാട്ടം
ഇന്ത്യൻ സവാളയുടെ ക്ഷാമം കച്ചവടത്തെ ബാധിച്ചിട്ടില്ലെങ്കിലും കറികൾക്ക് പഴയ രുചിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ടെന്നു ചില ഹോട്ടലുകാർ പറയുന്നു. ഇന്ത്യൻ സവാള വാങ്ങി പാചകം ചെയ്യുന്നത് മുതലാകില്ല. വില കുറഞ്ഞ ഈജിപ്ഷ്യൻ സവാളയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കറികളുടെ നിറത്തിലും രുചിയിലും മാറ്റം പ്രകടമാണ്. മധുരം കൂടുതലാണെന്നതാണ് മറ്റൊരു പ്രശ്നം. മുട്ടറോസ്റ്റ്, ചിക്കൻചുക്ക, ബിരിയാണി മസാല, പക്കാവട തുടങ്ങിയ ഉണ്ടാക്കുമ്പോൾ ഈ വ്യത്യാസം കൂടുതൽ അറിയാനാകുമെന്ന് പാചകക്കാർ പറയുന്നു. വഴറ്റുമ്പോൾ കറുത്തുപോകുന്നതും കൂടുതൽ വെള്ളമുള്ളതുമാണ് മറ്റൊരു പ്രശ്നം. കേരളീയ വിഭവങ്ങൾക്ക് ഇതു പറ്റില്ല.
പാക്ക് നുഴഞ്ഞു കയറ്റം
ചില ഗ്രോസറികളിൽ ഇന്ത്യൻ സവാള എന്ന പേരിൽ ഇന്ത്യൻ- പാക്കിസ്ഥാൻ സവാള ഇടകലർത്തി വിൽക്കുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നാടൻ ചേമ്പുകൊണ്ട് ‘അസ്ത്രം’ പായിച്ചാലോ
രുചി കൂടിയ വലിയ ഇനം ചേമ്പ് ഇന്ത്യയിൽ നിന്നു കൂടുതലായി എത്തിത്തുടങ്ങി. കിലോയ്ക്ക് 10 ദിർഹമാണു വില. മലയാളികൾക്കു പുറമെ, ആഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഏറെയിഷ്ടമാണിത്. സലാല, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും യുഎഇയിൽ ചേമ്പ് വരുന്നുണ്ടെങ്കിലും ഇന്ത്യൻചേമ്പിന്റെ അത്ര രുചിയില്ലെന്നു വ്യാപാരികൾ പറയുന്നു. ചേമ്പ് പുഴുങ്ങിയത്, പുഴുക്ക്, മുളകുഷ്യം, ചേമ്പ് കുറുക്കുകാളൻ, അസ്ത്രം എന്നിവയാണ് മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങൾ. സാമ്പാറിലും ചേർക്കാം. ചേമ്പ് അസ്ത്രവും പുഴുക്കും ഹോട്ടലുകളിൽ കഞ്ഞിക്കൊപ്പമുള്ള പ്രിയപ്പെട്ട വിഭവമായിക്കഴിഞ്ഞു. ചെറുകഷണങ്ങളാക്കിയ ചേമ്പ് പാകത്തിന് ഉപ്പും വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചശേഷം തേങ്ങ ചിരകിയത്, ചുവന്നുള്ളി, വറ്റൽമുളക്, മല്ലിപ്പൊടി, ജീരകം എന്നിവ അരച്ചതും ആവശ്യത്തിനു പുളിയും ചേർത്തുണ്ടാക്കുന്നതാണ് അസ്ത്രം. നന്നായി വേവിച്ചു മെല്ലെയൊന്നുടച്ച് വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചുവന്ന മുളകും താളിച്ചു ചേർക്കുകയും വേണം. ഒാരോ നാട്ടിലും പാചകരീതിയിൽ ചെറിയ വ്യത്യാസമുണ്ടാകും.
പ്രതിസന്ധി ജോർദാനിലും; പച്ചക്കറി വില കൂടുന്നു
ദുബായ് ∙ ദുബായ്, ഷാർജ എമിറേറ്റുകളിൽ പച്ചക്കറികൾക്ക് വില കൂടിയതായി ഉപഭോക്താക്കളുടെ പരാതി. സ്വദേശികൾക്ക് ഇഷ്ടപ്പെട്ട ഇലവർഗങ്ങൾ, കക്കരി, കൂസ തുടങ്ങിയവയ്ക്കെല്ലാം വില കൂടി. ഒരു കിലോ തക്കാളിക്ക് 16 ദിർഹം വരെ വില ഉയർന്നതായും പരാതി ഉയർന്നു. കാലാവസ്ഥാ വ്യതിയാനവും ജോർദാർ തക്കാളിയുടെ വിളവെടുപ്പ് കുറഞ്ഞതുമാണു വിപണിയെ ബാധിച്ചത്. ഒരു കിലോ കക്കരിക്ക് 6.30 ദിർഹം മുതൽ 7.75 ദിർഹം വരെയാണ് വില. 41% വരെ വില കൂടി. കൂസയുടെ വില കിലോയ്ക്ക് 12.30 ദിർഹമായി. നേരത്തെ 9 ദിർഹമായിരുന്നു. ഇറാനിയൻ കാബേജിന് 10 ദിർഹം വരെ ഉയർന്നു. ഇടത്തരക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതാണ് വില വർധനയെന്ന് സ്വദേശി ഉപഭോക്താക്കൾ പരാതിപ്പെട്ടു.