അറബ് മേഖലയുടെ പ്രൗഢിയോടെ അൽ തുമാമ സ്റ്റേഡിയം
Mail This Article
ദോഹ ∙ പേരിലും രൂപകൽപനയിലും നിർമാണത്തിലും പ്രാദേശിക കയ്യൊപ്പ് പതിപ്പിച്ച് ഏറെ സവിശേഷതകളോടെ 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക്. അതിവേഗം പുരോഗമിക്കുന്ന നിർമാണം അടുത്ത വർഷം പൂർത്തിയാകും. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളുടെ വേദിയാണിത്.
40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഖത്തറിന്റെ, അറബ് മേഖലയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമാണ്. രാജ്യത്തിന്റെ ഭൂത, ഭാവി, വർത്തമാന കാലങ്ങൾ കോർത്തിണക്കിയുള്ള ഡിസൈനും നിർമാണമാണ്. അറബ് മേഖലയിലെ പുരുഷന്മാരും ആൺകുട്ടികളും ഉപയോഗിക്കുന്ന പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ പേര് മുതൽ നിർമാണത്തിൽ വരെ ഏറ്റവുമധികം പ്രാദേശിക കയ്യൊപ്പ് പതിപ്പിച്ച സ്റ്റേഡിയം കൂടിയാണിത്. അറബ് എൻജിനീയറിങ് ബ്യൂറോയിലെ ചീഫ് ആർക്കിടെക്ടും സ്വദേശിയുമായ ഇബ്രാഹിം.
എം.ജൈദയുടേതാണ് ഡിസൈൻ. അൽ തുമാമ എന്നതും ഖത്തറിലെ പ്രാദേശിക മരത്തിന്റെ നാമമാണ്. പ്രാദേശിക കമ്പനിയായ അൽ ജാബറും തുർക്കിയുടെ ടെക്‌ഫെൻ കൺസ്ട്രക്‌ഷനും ചേർന്ന് ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നിർമാണം. കാർബൺ രഹിത ലോകകപ്പ് സ്റ്റേഡിയങ്ങൾ ആണ് രാജ്യം ലക്ഷ്യമിടുന്നത്. 2022ന് ശേഷം സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിറ്റി ഹബ്ബായി മാറും.
നഗരത്തിന്റെ തെക്ക് ഭാഗത്ത് അൽതുമാമയിൽ സ്ഥിതി ചെയ്യുന്ന സ്‌റ്റേഡിയത്തിലേക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്ററാണ് ദൂരം. 5,15,400 ചതുരശ്ര മീറ്ററാണ് വിസ്തീർണം. 4 ഔട്ട് ഡോർ പിച്ചുകളുമുണ്ട്. സ്റ്റേഡിയത്തിൽ നിന്ന് രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും വേഗമെത്താൻ കഴിയും.