വിദേശികൾക്ക് പ്രത്യേക ക്ലിനിക് തുറന്നു
Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്ത് വിദേശികൾക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ദമാൻ കമ്പനിയുടെ കീഴിലുള്ള ആദ്യ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. 6 ഗവർണറേറ്റുകളിലും സ്ഥാപിക്കുന്ന ക്ലിനിക്കുകളിൽ ആദ്യത്തേത് ഹവല്ലിയിലാണ് തുറന്നത്.
സർക്കാർ ആശുപത്രി സംവിധാനം സ്വദേശികൾക്ക് മാത്രമായി ക്ലിപ്തപ്പെടുത്തുകയും പകരം വിദേശികൾക്ക് സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദമാൻ കമ്പനി രൂപീകരിച്ചത്. വികസനവും ജനസംഖ്യാ സന്തുലനവും ഉറപ്പാക്കുന്ന പദ്ധതിയിൽ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുള്ള ആദ്യ സംരംഭമാണിതെന്ന് കമ്പനി ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. മുഹമ്മദ് അൽ കിനായ് പറഞ്ഞു.
സേവനത്തിന് രാജ്യാന്തര ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ഹെൽത്ത് പ്രമോഷൻ, രോഗപ്രതിരോധ സേവനം, ഡെന്റൽ തുടങ്ങി 20 വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്.