ADVERTISEMENT

കുവൈത്ത് സിറ്റി ∙ മത്സ്യം ലേലം പിടിക്കണോ? സ്വദേശി മത്സ്യമാണ് വേണ്ടതെങ്കിൽ രാവിലെയും വൈകിട്ടും ചെല്ലണം. ‘വിദേശി’ മത്സ്യം മതിയെങ്കിൽ രാത്രിയിലെത്തണം. കുവൈത്തിലെ മത്സ്യമാർക്കറ്റിൽ ദിവസവും 3 നേരമാണ് മത്സ്യലേലം.

സുബ്ഹി, അസർ, ഇശാ‍‌ നമസ്കാരങ്ങൾക്ക് ശേഷം എന്നതാണ് പഴയകാലം തൊട്ടുള്ള ലേല സമയം. ഇപ്പോൾ അത് രാവിലെ 6നും വൈകിട്ട് 3നും രാത്രി 8നും എന്ന രീതിയിലാണ്.

കുവൈത്ത് കടലിൽനിന്നുള്ള കിളിമീൻ, മാന്തൾ, മത്തി, അയല, ഞണ്ട് തുടങ്ങി പൊടിമീൻ വരെ രാവിലെ ലേലം ചെയ്യും. 3 മണിക്കുള്ള ലേലത്തിനാണു പ്രൗഢി. അയക്കൂറ, വെളുത്ത ആവോലി, ഹമൂർ, നഗ്രൂർ, ഷേരി തുടങ്ങി ചെമ്മീൻ വരെ എത്തുന്നത് ഈ ലേലത്തിലാണ്. 

ഒമാൻ, സൗദി, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങിയിടങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളാണു രാത്രി ലഭിക്കുക. ഓരോ ഇനവും ചുരുങ്ങിയത് ഇത്രകിലോ വീതം വേണം ലേലം ചെയ്യാൻ എന്ന് അധികൃതർ നിർണയിച്ചിട്ടുണ്ട്. 

വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമുണ്ടാകും. ലേലം സംബന്ധിച്ച് സ്വദേശികൾക്കിടയിൽ നിന്നു പരാതികളെ തുടർന്നാണു നിയന്ത്രണം കർശനമാക്കാനും വ്യക്തമായ ഉപാധികളുണ്ടാക്കാനും അധികൃതരെ പ്രേരിപ്പിച്ചത്. 

പുതിയ വ്യവസ്ഥയനുസരിച്ച് ലേല നടപടികൾ സുഗമമാണെന്ന് മത്സ്യ വിപണനവുമായി ബന്ധപ്പെട്ടവരും പറയുന്നു. 

kilimeen

നാട്ടിലെ പുതിയാപ്പിള; കുവൈത്തിലെ സുൽത്താൻ

നാട്ടിൽ കിട്ടുന്നതും കിട്ടാത്തതുമായ പല മത്സ്യങ്ങളുമുണ്ട് കുവൈത്തിൽ. സ്വഭാവികമായും പേര് വ്യത്യസ്തമാകും.

പേരുമാറ്റത്തിൽ ഏറ്റവും രസകരം കിളിമീനിന്റേതാണ്. മലബാറിൽ പുതിയാപ്പിള കോര എന്ന പേരിലുള്ള മത്സ്യത്തിന് കുവൈത്തിലെ പേര് സുൽത്താൻ ഇബ്രാഹിം. 

മലബാറിൽ 'പുതിയാപ്പിളമാർ' ഒരുതരം സുൽത്താന്മാരാണെങ്കിൽ ഇവിടെ മത്സ്യങ്ങളുടെ കൂട്ടത്തിൽ പേരുകൊണ്ട് സുൽത്താനാണ് പുതിയാപ്പിള. പേരിൽ സുൽ‌ത്താനാണെകിലും വില താരതമ്യേന കുറവാണ്. 

സാധാരണ ഹോട്ടലുകളിൽ ഊണിനൊപ്പവും ബാച്‌ലർ റൂമുകളിലെ മെസ്സിലുമൊക്കെയാണ് കക്ഷിക്ക് പ്രധാന സ്ഥാനം. സ്വദേശികളെ സംബന്ധിച്ചെടുത്തോളം മീനുകളിലെ ‘സുൽത്താൻ’ വെളുത്ത ആവോലിയാണ്.  സുബൈദി എന്നാണ് കക്ഷിയുടെ പേര്. വിലകേൾക്കുമ്പോൾ തന്നെ പ്രവാസികൾ അകലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com