ADVERTISEMENT

റാസൽഖൈമ ∙ നിഗൂഢതയുടെ കെട്ടിടമെന്ന ഖ്യാതിയുള്ള ബഹുനിലകെട്ടിടത്തിന്റെ ഉൾവഴികൾ വ്യാഴം മുതൽ സന്ദർശകർക്ക് അനുഭവിച്ചറിയാനാകും. റാസൽഖൈമയിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സമുച്ചയത്തിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിടുകയാണ്. എമിറേറ്റിലെ അൽ ദയ്ത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ കെട്ടിടം. 1985 ൽ ഷെയ്ഖ് അബ്ദുൽ അസീസ് ബ്ൻ ഹുമൈദ് അൽ ഖാസിമിയാണ് പണികഴിപ്പിച്ചത്.

നാലു നിലകളുള്ള ഇതിനു മുകളിൽ നിന്നു നോക്കിയാൽ റാസൽഖൈമയിലെ ഒട്ടുമിക്ക മേഖലകളും ദൃഷ്ടി പഥത്തിൽ പതിയും. പണ്ട് പൂന്തോട്ടങ്ങളും തടാകങ്ങളും ഈ ഗോപുര പരിസരത്തിന്റെ മാറ്റു കൂട്ടിയിരുന്നു. പഴമയുടെ പ്രൗഡി തുളുമ്പുന്ന വാസ്തുശിൽപ കലയുടെ കലവറയാണ് കെട്ടിടത്തിന്റെ മറ്റൊരു മഹിമ. നാലു നിലകളുള്ള സമുച്ചയത്തിൽ 35 മുറികളുണ്ട്. ഏറ്റവും മുകളിലെ സ്ഫടിക താഴികക്കുടത്തിൽ പതിക്കുന്ന പ്രകാശം താഴെ നിലയിൽ പ്രഭയായി പ്രതിഫലിക്കുന്നത് ഹൃദ്യമായ കാഴ്ചയാകും. തൊട്ടടുത്തുള്ള മറ്റു രണ്ടു താഴികക്കുടങ്ങളും കെട്ടിടത്തെ അഴകിലും അതിശയത്തിലുമാഴ്ത്തുന്നു.

സംഭ്രമിപ്പിക്കുന്ന യക്ഷിക്കഥകളെ ഓർമിപ്പിക്കുന്നതായിരിക്കും ഈ കെട്ടിടത്തിന്റെ സന്ദർശനം. ഇരുമ്പ് താഴികളുള്ള മുറികളിലൂടെ കയറിയിറങ്ങുന്നവർക്ക് അതൊരു നവ്യാനുഭവമായിരിക്കും. മക്കയിലെ ഹറമിൽ പതിച്ച പോലുള്ള അപൂർവ ഇനം മാർബിളുകൾ കൊണ്ടാണ് നിലം നൈർമല്യമാക്കിയത്. മുറികളിൽ കാത്തു കിടക്കുന്ന മാർബിൾ പ്രതിമകൾ സന്ദർശകന്റെ ഭയത്തെയും ഭാവനയെയും ഒരു പോലെ തൊട്ടുണർത്തും.

ഇസ്‍ലാമിക്, മൊറോക്കൻ, പേർഷ്യൻ, ഇന്ത്യൻ വാസ്തുവിദ്യാസൗന്ദര്യത്തെ സംയോജിപ്പിച്ചാണ് ഈ അതിശയ കൊട്ടാരം പണിതുയർത്തിയത്. ബെൽജിയം, ഫ്രാൻസ് രാജ്യങ്ങളിൽ നിന്നാണ് നാലു വർണങ്ങളിൽ പ്രതിഫലിക്കുന്ന സ്ഫടികങ്ങൾ കൊണ്ടുവന്നത്. കൂടാതെ കെട്ടിടത്തിന്റെ കൊത്തുപണികൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. മിനുക്കുപണികൾ പൂർത്തിയാക്കിയാണ് ഇത് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നാം ഘട്ട ജോലികളാണ് ഇപ്പോൾ കഴിഞ്ഞത്. റസ്റ്ററന്റുകൾ, സാഹസികത മുറ്റി നിൽക്കുന്ന വിനോദ, ഉല്ലാസ ഇടങ്ങൾ എന്നിവ കൂടി കെട്ടിട പരിസരത്ത് ഒരുക്കുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും പുതുമയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രം ഇതോടെ റാസൽഖൈമയിൽ യാഥാർഥ്യമാകും.

English summary: Al Qasimi Palace open soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com