ADVERTISEMENT

ദമാം ∙ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ആഘോഷ രാവ് സമ്മാനിച്ച് നവയുഗം സംഘടിപ്പിച്ച ശിശിരോത്സവത്തിന് ഉജ്വല പരിസമാപ്‌തി. ദമാം ഫൈസലിയയിലെ പാരീസ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ മുൻ എംഎൽഎ സത്യൻ മൊകേരി മുഖ്യാഥിതിയായിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ്സ്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്  മത്സരങ്ങളും, വനിതകള്‍ക്കായി നല്ല പായസം, മൈലാഞ്ചി എന്നീ  മത്സരങ്ങളും നടന്നു. 

ഫുഡ് ഫെസ്റ്റിവൽ, പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദർശനവും വിൽപനയും മെഡിക്കൽ ക്യാംപ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌കും സംവിധാനിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങളുമായി കലാസന്ധ്യ അരങ്ങേറി. മാളവിക ഗോപകുമാര്‍ ആയിരുന്നു അവതാരക.

കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുന്നു: സത്യൻ മൊകേരി 

ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി പറഞ്ഞു. നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച   ശിശിരോത്സവം - 2019ന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക സദസ്സില്‍ സൗദിയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്സിമോഹന്റെ അധ്യക്ഷത വഹിച്ചു.    

Navayugam-shishirolthavam2

ജിഎസ്‌ടി പോലുള്ളവ കനത്ത പ്രഹരമാണ് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചത്. കേരളത്തിന്‌ അര്‍ഹമായ നികുതി വരുമാനവിഹിതം പോലും കേന്ദ്രം നല്‍കുന്നില്ല. കേരളത്തില്‍ പ്രളയദുരന്തം മൂലം അന്‍പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായപ്പോള്‍ മതിയായ സാമ്പത്തിക സഹായം നല്‍കാതെ ചിറ്റമ്മനയം കാണിച്ച കേന്ദ്രസര്‍ക്കാര്രിന്റെ നിലപാടുകള്‍ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ജമാല്‍ വില്യാപ്പള്ളി ഇ.ചന്ദ്രശേഖരന്‍ നായര്‍ അനുസ്മരണം നടത്തി.നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ പ്രസംഗിച്ചു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ടി.സി. ഷാജിക്കുള്ള ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം സത്യന്‍ മൊകേരി സമ്മാനിച്ചു. ശ്രീകുമാര്‍, അവാര്‍ഡ് ക്യാഷ് പ്രൈസും നൽകി. കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറു പ്രമുഖ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മമ്മു മാസ്റ്റർ (വിദ്യാഭ്യാസം), നിഹാൽ മുഹമ്മദ് (ആതുരസേവനം), ജോളി ലോനപ്പൻ (ചലച്ചിത്രം), സതീഷ് കുമാർ (കലാസാംസ്ക്കാരികം), ഹമീദ് വടകര (നിയമസഹായം), അഹമ്മദ് യാസിൻ (ജീവകാരുണ്യം) എന്നിവര്‍ക്ക് സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരം കൈമാറി. 

sathyan-mokeri-saudi

ഉണ്ണി പൂച്ചെടിയിൽ, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ക്കും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മഞ്ജു  മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവരെയും സത്യന്‍ മൊകേരി ആദരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പവനന്‍ മൂലയ്ക്കല്‍, ഒ.നജീബ്, അലികുട്ടി ഒളവട്ടൂര്‍, ഹനീഫ അറബി, എം.ജി.മനോജ്‌, അഷറഫ് ആളത്ത് എന്നിവരും ഇന്ത്യന്‍ സ്ക്കൂള്‍ മാനേജ്മെന്റ് അംഗം നസീമ മുനീർ, മിനി ഷാജി, ബിജു വര്‍ക്കി, സുബിവര്‍മ്മ, ഇ.എസ് റഹീം, ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവരും പ്രസംഗിച്ചു.

ദാസന്‍ രാഘവന്‍, പ്രിജി കൊല്ലം, ബിനു കുഞ്ഞു, സഹീര്‍ ഷാ, ഗോപകുമാർ, ഉണ്ണി മാധവം, ഷാജി അടൂർ,  സുശീൽ കുമാർ, സനു മഠത്തിൽ, അനീഷ കലാം, ശരണ്യ ഷിബു, മീനു അരുൺ, സനു മഠത്തില്‍,  അബ്ദുൾസലാം, നഹാസ്, ശ്രീലാല്‍, നിസാര്‍, രതീഷ് രാമചന്ദ്രൻ, അബ്ദുൾ കലാം, സിയാദ്, എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com