കടൽ കടന്നെത്തുന്നു, വിരുന്നുകാർ
Mail This Article
ദോഹ ∙ ആഡംബര കപ്പലുകളുടെ വരവില്‍ രാജ്യത്തിന്റെ കപ്പല്‍ വിനോദസഞ്ചാരം സജീവമാകുന്നു. ഒക്ടോബര്‍ 22ന് 2,354 യാത്രക്കാരും 996 ജീവനക്കാരുമായി ജര്‍മന്‍ ആഡംബര കപ്പലായ മെയിന്‍ സ്കിഫ്-5 ദോഹ തുറമുഖത്ത് എത്തിയതോടെയാണ് സീസണിന് തുടക്കമായത്. തൊട്ടുപിന്നാലെ 5,817 യാത്രികരുമായി എംഎസ്സി ബെല്ലിസിമയും എത്തി.
ഇറ്റാലിയന്‍ കമ്പനിയായ കോസ്ത ക്രൂസസിന്റെ കോസ്ത ഡയാഡെമയും സീസണിലേക്ക് എത്തിയതോടെ കപ്പല്‍ വിനോദസഞ്ചാര മേഖലയില്‍ മാത്രമല്ല ആതിഥേയ മേഖലയ്ക്കും ഉണര്‍വായി.
ഒന്നിലധികം തവണയാണ് ഒട്ടുമിക്ക കപ്പലുകളും ഇത്തവണയും എത്തുന്നത്. കോസ്ത ഡയാഡെമ ഇത്തവണ 16 തവണയും മെയിന്‍ സ്കിഫ്-5 പത്ത് തവണയും എത്തും. യുഎസ് ആസ്ഥാനമായ റോയല്‍ കരിബിയന്‍ ഇന്റര്‍നാഷനലിന്റെ ഭീമന് ആഡംബര കപ്പലായ ജ്യൂവല്‍ ഓഫ് സീസ് ദോഹ തുറമുഖത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ടത് 3,260 യാത്രക്കാരുമായാണ്.
സ്വീകരണം പാരമ്പര്യ തനിമയില്‍
രാജ്യത്തെത്തുന്ന കപ്പല്‍ യാത്രികരെ പരമ്പരാഗത ശൈലിയില്‍ സ്വാഗതമേകി സ്വീകരിക്കുന്നത് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലും തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തറും ചേര്‍ന്നാണ്. പരമ്പരാഗത വേഷമണിഞ്ഞ ഖത്തരി കലാകാരന്മാരുടെ നാടന്‍ പാട്ടും പരമ്പരാഗത വാള് നൃത്തമായ അര്ധയുമൊക്കെയായാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്.
ദോഹ തുറമുഖത്ത് യാത്രക്കാര്‍ക്കായി താല്‍ക്കാലിക ടെര്‍മിനല്‍ തുറന്നു കൊണ്ടാണ് സീസണിന് തുടക്കമിട്ടത്. 74 ആഡംബര കപ്പലുകളിലായി 2,48,123 യാത്രക്കാരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
വിദഗ്ധ പരിശീലനം നേടിയ അംഗീകൃത യാത്രാ സഹായികളുടെ സേവനമാണ് ഇവര്‍ക്കായി ടൂറിസം കൗണ്‍സില്‍ നല്‍കിയിരിക്കുന്നത്. സിറ്റി ബസ് യാത്രയിലൂടെ നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരങ്ങളുമുണ്ട്.
സാംസ്കാരിക, വിനോദ കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയും ഖത്തറിന്റെ പാരമ്പര്യ രുചിക്കൂട്ടുകളുടെ സ്വാദുമറിഞ്ഞാണ് മടക്കം.