ADVERTISEMENT

ദുബായ്∙ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്ന സാഹചര്യത്തിൽ പുതിയ റൂട്ടുകൾ തുടങ്ങുന്നതടക്കം ആർടിഎയുടെ സജീവ പരിഗണനയിൽ. വിവിധ മേഖലകളിൽ എസി ബസ് ഷെൽറ്ററുകൾ, തിരക്കേറിയ മേഖലകളിലേക്ക് അധിക സർവീസുകൾ, പ്രധാന കേന്ദ്രങ്ങളിൽ നോൽകാർഡ് റീചാർജ് ചെയ്യാൻ കൂടുതൽ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ തുടങ്ങിയവയും പരിഗണിക്കുന്നു. യാത്രക്കാരുടെ നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ പദ്ധതികൾ. ആവശ്യങ്ങൾ വിലയിരുത്തി കസ്റ്റമേഴ്സ് കൗൺസിൽ പദ്ധതികളുടെ രൂപരേഖ തയാറാക്കി. ഉൾപ്രദേശങ്ങളിലേക്കും ഇതര എമിറേറ്റുകളിലേക്കുമുള്ള സർവീസുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബസ് സ്റ്റോപ്പുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും യാത്രക്കാർ ഉന്നയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ അബുദാബി യാസ് ഐലൻഡിലേക്ക് ബസ് സർവീസ് തുടങ്ങുന്നതാണ് മറ്റൊന്ന്. മിർദിഫ് സിറ്റി, ഡ്രാഗൻ മാർട്ട് എന്നിവിടങ്ങളിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. നിയമലംഘനങ്ങൾ കണ്ടെത്താൻ ബസുകളിലും മെട്രോയിലും പരിശോധനകൾ ഊർജിതമാക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കു പിഴ ചുമത്തും. യാത്രക്കാർക്ക് ബോധവൽക്കരണം നൽകാൻ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കസ്റ്റമേഴ്സ് കൗൺസിൽ ചെയർമാൻ മുഹമ്മദ് ഒബൈദ് അൽ മുല്ല പറഞ്ഞു. ഹൈടെക് ബസുകളാണ് നിരത്തിലിറക്കുന്നത്. കാർബൺ മലിനീകരണം ഒഴിവാകുന്നതും റോഡിൽ സ്വകാര്യ വാഹനങ്ങളുടെ തിരക്കു കുറയുന്നതും പദ്ധതിയുടെ നേട്ടങ്ങളാണെന്നും ചൂണ്ടിക്കാട്ടി.

പുതുവത്സരാഘോഷം : 21 ലക്ഷം യാത്രക്കാർ

ദുബായിൽ പുതുവത്സരത്തലേന്ന് മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിൽ കയറിയത് 21 ലക്ഷത്തിലേറെ യാത്രക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ 3.6% വർധന. 21,26,417 പേർ യാത്ര ചെയ്തു. മെട്രോ 9,07411, ട്രാം 37,150, ബസ് 4,40,521, ടാക്സി 6,89,212, ജലയാനങ്ങൾ 52,123 എന്നിങ്ങനെ.

അബുദാബി-റാസൽഖൈമ ബസ് സർവീസ്

അബുദാബി ∙ അബുദാബിയിൽ നിന്നു റാസൽഖൈമയിലേക്കും തിരിച്ചും ബസ് സർവീസ് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററും (ഐടിസി) റാക് ട്രാൻസ്പോർട് അതോറിറ്റിയും ഒപ്പുവച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും സർവീസ്. റാസൽഖൈമയിൽ നിന്ന് രാവിലെ 10നും ഉച്ചകഴിഞ്ഞ് 3 നും ബസ് പുറപ്പെടും. 45 ദിർഹമാണു ടിക്കറ്റ് നിരക്ക്. അബുദാബിയിൽ നിന്ന് 2.30നും വൈകിട്ട് 7.30നും. ടിക്കറ്റ് നിരക്ക് 35 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com