ADVERTISEMENT

ദോഹ ∙ രാജ്യത്തെ ദൈര്‍ഘ്യമേറിയ ഷോപ്പിങ് മാമാങ്കമായ ഷോപ്പ് ഖത്തര്‍ പരിസമാപ്തിയിലേക്ക്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ നടത്തുന്ന ഷോപ്പ് ഖത്തര്‍ ജനുവരി 31നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 12 ഷോപ്പിങ് മാളുകളിലെ വ്യത്യസ്ത ഫാഷന്‍ ഷോകളും സംഗീത സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഷോപ്പ് ഖത്തറില്‍ മികച്ച ജനപങ്കാളിത്തമാണുള്ളത്. പ്രാദേശിക, മേഖലാ, രാജ്യാന്തര പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോകളായിരുന്നു ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

ചൈനീസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാലിഗ്രഫി ക്ലാസുകള്‍, ഡ്രാഗണ്‍ പരേഡുകള്‍, ചൈനീസ് ഡ്രമ്മര്‍മാരുടെ തല്‍സമയ പരിപാടികള്‍ തുടങ്ങിയവ മാളുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് ചൈനീസ് ഡിസൈനര്‍ ലാന്‍ വു നടത്തുന്ന ഫാഷന്‍ ഷോ അല്‍ ഹസം മാളില്‍ വൈകിട്ട് നടക്കും. അമേരിക്കന്‍ മേക്കപ്പ് ആര്‍ടിസ്റ്റ് മരിയോ ദേദിവാനോവിക് നയിക്കുന്ന 5 മണിക്കൂര്‍ മാസ്റ്റര്‍ ക്ലാസ് സമാപന ദിവസമായ 31ന് നടക്കും. സംഗീത പരിപാടികളോടെയാണ് ഇത്തവണത്തെ സമാപനം. നാളെ പാക് ബാന്‍ഡ് ജുനൂന്‍, സിറ്റി സെന്ററില്‍ 31ന് വൈകിട്ട് ലാറ്റിന്‍ ബാന്‍ഡ്, ഹയാത് പ്ലാസയില്‍ മറ്റു സംഗീത പരിപാടികൾ എന്നിവ നടക്കും.

മാള്‍ ഓഫ് ഖത്തറില്‍ 31ന് വൈകിട്ട് പ്രാദേശിക ഗായകന്‍ നയിക്കുന്ന തല്‍സമയ സംഗീത പരിപാടികള്‍ക്ക് ശേഷം മൂന്നാമത്തേതും അവസാനത്തേതുമായ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പ് നടക്കുന്നതോടെ ഇത്തവണത്തെ ഷോപ്പ് ഖത്തര്‍ സമാപിക്കും. 200 റിയാലിന് മുകളില്‍ ചെലവഴിച്ച് സാധനങ്ങൾ വാങ്ങുന്നവർക്കു റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 20 ലക്ഷം റിയാലിന്റെ വരെ ക്യാഷ് പ്രൈസുകളും ആഡംബര കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവും നല്‍കുന്നുണ്ട്. ഷോപ്പ് ഖത്തറില്‍ വിജയികളാകാന്‍ ഇനി 2 ദിവസം കൂടിയേ അവസരം ലഭിക്കുകയുള്ളു. മിനി കൂപ്പര്‍ ഹാച്ച് ബാക്ക്, ബിഎംഡബ്‌ള്യു 730 എല്‍ഐ ആഡംബര കാറുകളാണ് മെഗാ വിജയികള്‍ക്കുള്ള സമ്മാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com