കൊറോണ: ചൈനയിലേക്ക് സൗജന്യ കാർഗോ സർവീസുമായി ഖത്തർ എയർവേയ്‌സ്
Mail This Article
ദോഹ ∙കൊറോണ വൈറസിനെതിരെയാ ചൈനയുടെ പോരാട്ടത്തിന് സൗജന്യ കാർഗോ വിമാന സർവീസിലൂടെ ഖത്തർ എയർവേയ്‌സിന്റെ പിന്തുണ. 300 ടൺ മെഡിക്കൽ സാമഗ്രികളുമായി ഖത്തർ എയർവേയ്‌സിന്റെ 5 കാർഗോ വിമാനങ്ങളാണ് ചൈനയിലെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്‌സൊഹു എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്.
ഖത്തറിലേത് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് എംബസിയുടെ നേതൃത്വത്തിൽ ചൈനയിലേക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ കാർഗോ സേവനം ഖത്തർ എയർവേയ്‌സ് നൽകുന്നത്. ചൈനയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ സൗജന്യ കാർഗോ സേവനം നൽകുന്ന ആദ്യ രാജ്യാന്തര വിമാനകമ്പനിയും ഖത്തർ എയർവേയ്‌സാണ്.
ഒരു രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ചൈനയിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ എത്തിക്കാൻ ഖത്തർ എയർവേയ്‌സ് ഗ്രീൻ ചാനൽ തുറന്നത് ഖത്തർ-ചൈന ബന്ധത്തിന്റെ ഊഷ്മളതയും ഖത്തറിന്റെ രാജ്യാന്തര സമൂഹങ്ങളോടുള്ള ഐക്യവുമാണ് പ്രതിഫലിക്കുന്നതെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ സൊഹു ജിയാൻ പറഞ്ഞു.