ADVERTISEMENT

ദോഹ ∙ ഖത്തറില്‍ വരും ദിവസങ്ങളില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്ന് നാഷനല്‍ പാനഡെമിക് പ്രിപ്പേര്‍ഡ്‌നെസ്സ് കമ്മിറ്റി സഹാധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാംക്രമിക രോഗചികിത്സാ വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 

ഖത്തര്‍ ഉള്‍പ്പെടെ മേഖലയില്‍ തന്നെ വൈറസ് വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയതാണ് പ്രധാന കാരണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പരിശോധനയും രോഗബാധിതരെ കണ്ടെത്തലും കൂടുതല്‍ സമഗ്രമാക്കിയതാണ് രണ്ടാമത്തെ കാരണം. ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിച്ചാല്‍ ആ വ്യക്തി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രോഗബാധിതരില്‍ കൂടുതല്‍ പേരും ഇത്തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ ഐസലേഷനിലേക്കും മറ്റുള്ളവരെ രണ്ടാഴ്ച ക്വാറന്റീനിലുമാണ് പ്രവേശിപ്പിക്കുന്നതെന്നും ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ഡോ.ഖാല്‍ വിശദീകരിച്ചു. 

അതേസമയം, വ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയെങ്കിലും ഖത്തറില്‍ പ്രതീക്ഷിച്ച രോഗസംഖ്യയേക്കാള്‍ അമ്പത് ശതമാനം കുറവാണ് നിലവിലെ രോഗബാധിതരുടെ എണ്ണം. വ്യക്തികള്‍ തമ്മിലുള്ള സുരക്ഷിത അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഫലമായാണിത്. പൊതുജനാരോഗ്യ മന്ത്രാലയം കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് ഫലപ്രദമാണെന്നതാണ് ഇതിന് കാരണം. ആഗോള തലത്തില്‍ 70 തിലധികം പ്രതിരോധ മരുന്നുകളാണ് പരീക്ഷണത്തിലുള്ളത്. അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡിനെതിരെയുള്ള ആദ്യ മരുന്ന് പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും ഡോ.ഖാല്‍ പറഞ്ഞു.

മുന്‍കരുതല്‍ സ്വീകരിക്കാം

1.ചുമയും തുമ്മലും ഉണ്ടായാല്‍ ഉടന്‍ കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. ഭക്ഷണം പാചകം ചെയ്യന്നതിന് മുമ്പും ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കണം. ശുചിമുറികള്‍ ഉപയോഗിച്ച ശേഷവും മൃഗങ്ങളെ സ്പര്‍ശിച്ച ശേഷവുമെല്ലാം കൈകള്‍ സോപ്പിട്ട് കഴുകണം. രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കണം. 

    

2. വൃത്തിയുള്ള ടവ്വലോ ടിഷ്യൂവോ ഉപയോഗിച്ച് മൂക്കും വായയും പൊത്തി പിടിച്ചു വേണം ചുമയ്ക്കാനും തുമ്മാനും. ശേഷം ടവ്വല്‍ മാലിന്യപെട്ടിയില്‍ നിക്ഷേപിക്കണം. വൃത്തിഹീനമായ കൈകള്‍കൊണ്ട് കണ്ണിലും മൂക്കിലും വായയിലും സ്പര്‍ശിക്കരുത്. 

 

3. ചുമ, തുമ്മല്‍ തുടങ്ങി ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഇടപെഴകുന്നത് ഒഴിവാക്കണം. പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അണുബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ഫേസ് മാസ്‌ക് ഉപയോഗിക്കണം.

 

4. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കണം. ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം പോകുക. പോകുമ്പോള്‍ മാസ്‌കും കയ്യുറയും ധരിക്കുക. തിരിച്ചെത്തിയാല്‍ മാസ്‌കും കയ്യുറയും സുരക്ഷിതമായി മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. 

 

5.ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. ഇറച്ചി, മുട്ട എന്നിവയെല്ലാം നന്നായി വേവിച്ച് വേണം ഭക്ഷിക്കാന്‍. വേവിക്കാത്ത ആഹാരം കഴിയ്ക്കരുത്. 

 

6..വീട്ടിലെ മുറികളും തറയും പരിസരവും അണുവിമുക്തമാക്കി വൃത്തിയായി സൂക്ഷിക്കുക.

 

7. കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക. 16000 എന്ന കോവിഡ് ഹെല്‍പ്‌ലൈനില്‍ വിവരം അറിയിക്കുക. ഗുരുതരമായ ആരോഗ്യാവസ്ഥയെങ്കില്‍ മാത്രം 999 എന്ന നമ്പറില്‍ ആംബുലന്‍സിന്റെ സഹായം തേടുക. 

 

8. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുക. അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com