ADVERTISEMENT

റിയാദ് ∙ കോവിഡ് പശ്ചാത്തലത്തിൽ സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇനി ട്യൂഷൻ ഫീ മാത്രം നൽകിയാൽ മതിയാകും. മറ്റു അനുബന്ധ ഫീസുകളിൽ ജൂൺ ഒന്നു വരെ ഇളവ് അനുവദിക്കുമെന്ന് സ്‌കൂൾ ഹയർബോഡുമായി ചേർന്ന് എംബസി നടത്തിയ യോഗത്തിൽ തീരുമാനമായി. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല, ഫീസ് കുടിശ്ശിക കാരണം ഓണലൈൻ ക്ലാസുകൾ നിഷേധിക്കില്ല തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും അംബാസഡറുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ എടുത്തു. 

ഈ കാലയളവിൽ രക്ഷിതാക്കളിൽ നിന്ന് ഉയരുന്ന നിരന്ത ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുക, അവരുയർത്തുന്ന പ്രശ്നങ്ങളിൽ സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്യുക തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിച്ചുരുക്കില്ലെങ്കിലും ശമ്പള വർധനയിലും അനുബന്ധ ആനുകൂല്യങ്ങളിലും നേരിയ മാറ്റം വരുത്തും. ലോക്ഡൗൺ കാലയളവിൽ നടപ്പിലാക്കുന്ന വിദൂര വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് വരുന്ന അധിക ചെലവുകൾ ട്യൂഷൻ ഫീസിൽ നിന്ന് വഹിക്കാനും ധാരണയായി. അംബാസഡറുടെ നേതൃത്വത്തിൽ സ്‌കൂൾ ഹയർബോഡ് കൈക്കൊണ്ടതാണ് തീരുമാനം. 

തുടർന്നുള്ള പരിഷ്കാരങ്ങളും നിർദേശങ്ങളും കോവിഡാനന്തര സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും. ഇത് സംബന്ധിച്ച നിർദേശങ്ങൾ  ഹയർ ബോർഡ് അതാത് സ്‌കൂളുകളെ അറിയിക്കും. ജൂൺ ഒന്നിന് നടക്കുന്ന അവലോക യോഗത്തിൽ തുടർന്നുള്ള നീക്കങ്ങൾ തീരുമാനിക്കും. രാജ്യത്തെ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സിബിഎസ്‌സി സ്‌കൂളുകൾക്കും ഇതേ നിർദേശങ്ങൾ നൽകാണും സംഗമത്തിൽ തീരുമാനമായി. രക്ഷിതാക്കളുടെയും സാമൂഹിക സംഘടനകളുടെയും നിരന്തര ആഭ്യർത്ഥന മാനിച്ചതാണ് നടപടി. 

അതേസമയം, കോവിഡ് മുകരുതലുകളുടെ ഭാഗമായി സ്‌കൂളുകളുടെ സാധാരണ പ്രവർത്തനം നിലക്കുകയും വെർച്വൽ ക്ലാസുകൾ തുടങ്ങേങ്ങിവരികയും ചെയ്ത സാഹചര്യത്തിൽ സ്‌കൂൾ ഫീസിനെ ചൊല്ലി ഉയർന്ന പരാതികൾ ഈ തീരുമാനത്തോടെ നിലക്കാനിടയില്ല. സപ്പോർട്ട് ഫെസിലിറ്റി എന്ന പേരിൽ പ്രതിമാസം ട്യൂഷൻ ഫീസിനൊപ്പം അടയ്ക്കുന്ന 10 റിയാൽ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ച  ഫീസിളവിൽ പെടുക. എന്നാൽ വാർഷിക ഫീ ഇനത്തിൽ  ഈടാക്കുന്ന 'മിസല്ലേനിയസ്' ഫീസ് ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ജൂൺ ഒന്നിന് ആനുകൂല്യം തീരുന്നതോടെ അതിന് സാധ്യതയില്ലെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. എന്നാൽ നിലവിലുള്ള അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് ഇന്ത്യൻ സമൂഹത്തിന് സഹായമെത്തിക്കുന്നതിൽ എംബസി ഉണർന്നു പ്രവർത്തിക്കുന്നുണ്ടെന്നും കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കോവിഡ് വരുത്തുന്ന ജീവിത ആഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് സ്‌കൂൾ ഫീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടുന്നതെന്നും അംബാസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com