വരും ആഴ്ചകളില്‍ ഖത്തറിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തുമെന്ന് പ്രതീക്ഷ: ഇന്ത്യൻ അംബാസഡര്‍
Mail This Article
ദോഹ ∙ വരും ആഴ്ചകളില്‍ ഖത്തറില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നെത്തുമെന്നാണ് പ്രതീക്ഷയെന്ന് ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് പറഞ്ഞു. മേയ് 15 മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഖത്തറിനായി നാലോ അഞ്ചോ വിമാനങ്ങള്‍ കൂടി അനുവദിക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ഖത്തര്‍ സര്‍ക്കാരിന്റെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും പൂര്‍ണ പിന്തുണയിലാണ് ഖത്തറില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കൊച്ചിയിലേക്കുള്ള പ്രവാസി മലയാളികളെ യാത്ര അയയ്ക്കാന്‍ എത്തിയ അംബാസഡര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലേക്ക് തീര്‍ച്ചയായും രണ്ടോ മൂന്നോ വിമാനങ്ങള്‍ കൂടി ഉണ്ടാകും. കേരളത്തിലേക്ക് മാത്രമല്ല ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വിമാനങ്ങള്‍ ഉണ്ടാകും. നാട്ടിലേക്ക് മടങ്ങാനായി 44,000 പേരാണ് ഇതുവരെ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്‍ഗണനാക്രമത്തില്‍ ആണ് പട്ടിക തയ്യാറാക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍ എന്നിവരേയും സ്വദേശങ്ങളിലേക്ക് എത്തിക്കുന്ന കാര്യം പരിഗണനയിലാണ്. തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതലായുള്ളത്. നാട്ടിലേക്ക് മടങ്ങാനായി 200 ഓളം ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പൊതുമാപ്പ് ലഭിച്ച 70 ഓളം ഇന്ത്യക്കാരുമാണുള്ളതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.