കുവൈത്തിൽ പൊതുമാപ്പ് നേടിയവരുമായി കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെട്ടു
Mail This Article
കുവൈത്ത് സിറ്റി ● കുവൈത്തിൽ അനധികൃത താമസത്തിന് പൊതുമാപ്പ് നേടിയവരുമായി കോഴിക്കോട്ടേക്കുള്ള ജസീറ എയർവെയ്സ് വിമാനം പുറപ്പെട്ടു. 144 യാത്രക്കാരുള്ള വിമാനം രാത്രി 10.30ന് കോഴിക്കോട്ട് എത്തും. ആദ്യവിമാനം നേരത്തെ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. 72 പുരുഷന്മാരും 72 വനിതകളും 2 കുട്ടികളുമാണ് 9.25ന് കൊച്ചിയിൽ എത്തുന്ന വിമാനത്തിലുള്ളത്. ബുധനാഴ്ച കൊച്ചിയിലേക്കും അമൃതസറിലേക്കും സർവീസ് ഉണ്ടാകും.
പൊതുമാപ്പ് നേടി ഒരു മാസത്തിലേറെയായി കുവൈത്ത് സർക്കാർ ഒരുക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരിൽ പെട്ടവരാണ് യാത്രതിരിച്ചിട്ടുള്ളത്. 800ഓളം മലയാളികളാണ് അഭയകേന്ദ്രങ്ങളിലുള്ളത്.
ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും പൊതുമാപ്പ് നേടിയവരെ കുവൈത്ത് സർക്കാർ ചെലവിലാണ് വിമാനങ്ങളിൽ അയക്കുന്നത്. പാസ്പോർട്ട് കൈവശമുള്ള ആറായിരത്തോളം ഇന്ത്യക്കാരെയാണ് പൊതുമാപ്പിനെ തുടർന്ന് അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചത്. യാത്രാരേഖയായിൽ പാസ്പോർട്ട് കൈവശം ഇല്ലാത്ത അത്രയും പേർ ഇന്ത്യൻ എംബസിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചിട്ടുണ്ട്. അവരിൽ 1000ലേറെ മലയാളികളുമുണ്ട്. അഭയകേന്ദ്രങ്ങളിലുള്ളവരെ നാട്ടിലെത്തിക്കുന്നതിന്റെ തുടർച്ചയായി ഔട്ട്പാസ് നേടിയവരെയും ഇന്ത്യയിൽ എത്തിക്കും. പൊതുമാപ്പ് നേടിയവരെ കഴിഞ്ഞ ദിവസങ്ങളിൽ വിജയവാഡ, ലക്നോ എന്നിവിടങ്ങളിൽ എത്തിച്ചിരുന്നു.
English Summary: Amnesty calicut fight