വീടുകളിലെത്താൻ അമിതവേഗം വേണ്ട
Mail This Article
ദുബായ് ∙ അണുനശീകരണ സമയത്തിനു മുൻപ് വീടുകളിൽ മടങ്ങിയെത്താൻ അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. അപകട സാധ്യതയ്ക്കു പുറമേ നിയമനടപടികളും ഉണ്ടാകും. അപകടനിരക്ക് കൂടിയതോടെ വിവിധ എമിറേറ്റുകളിൽ പൊലീസ് നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കി.
ദുബായിൽ രാത്രി 11 മുതൽ രാവിലെ 6 വരെയും ഇതര എമിറേറ്റുകളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയുമാണ് അണുനശീകരണം. ഈ സമയം കണക്കാക്കിവേണം മടക്കയാത്രയെന്ന് അജ്മാൻ ട്രാഫിക് പൊലീസ് പറഞ്ഞു.
അവസാന നിമിഷം അമിതവേഗത്തിൽ പായുന്നത് അപകടകാരണമാകുന്നു. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടക്കമുള്ള നടപടികൾ ഉണ്ടാകും. ഇതിനകം പലരിൽ നിന്നും പിഴ ഈടാക്കി. നിയമലംഘകരെ പിടികൂടാൻ കൂടുതൽ പട്രോളിങ് സംഘങ്ങളെ വിനിയോഗിച്ചതായി പൊലീസ് ഓപ്പറേഷൻസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.