കോവിഡ് പ്രതിരോധ മരുന്ന്: രണ്ട് കോടി ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ
Mail This Article
ദോഹ ∙ കോവിഡ് 19 നെതിരെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രണ്ടു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ലണ്ടനില്‍ നടക്കുന്ന ലോക വാക്സിന് ഉച്ചകോടി 2020 നെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് (ഗാവി) അമീര്‍ രണ്ടു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ച് അടുത്ത തലമുറയെ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിച്ച് ആരോഗ്യസുരക്ഷിതമായ ലോകം സൃഷ്ടിക്കാന്‍ 740 കോടി യുഎസ് ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഉച്ചകോടി നടത്തുന്നത്. കോവിഡ് മനുഷ്യവര്‍ഗത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ആവശ്യമായ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുന്നതിനായി ആരോഗ്യ സമത്വം ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന് രാജ്യാന്തര സമൂഹത്തെ അമീര്‍ ക്ഷണിക്കുകയും ചെയ്തു. കോവിഡ് 19 നെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തിന് രാജ്യത്തിന്റെ പിന്തുണയും അമീര്‍ ആവര്‍ത്തിച്ചു.
ഫലപ്രദമായ പ്രതിരോധമരുന്നുകള്‍ ഉപയോഗിച്ച് കോവിഡ് 19 വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പരസ്പരമുള്ള പരിശ്രമങ്ങള്‍ വർധിപ്പിക്കണം. ഭാവിയിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിജീവിക്കാന്‍ തയാറെടുക്കാന്‍ ഇത് ആവശ്യമാണെന്നും അമീര്‍ പറഞ്ഞു. കോവിഡ് 19 വ്യാപനം തടയുന്നതിനും കോവിഡില്‍ നിന്ന് പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളുമാണ് ഖത്തര്‍ സ്വീകരിച്ചതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് മെഡിക്കല്‍ സാമഗ്രി വിതരണം, ഫീല്‍ഡ് ആശുപത്രി നിര്‍മാണം തുടങ്ങി വിവിധതരത്തില്‍ ഖത്തര്‍ സഹായം എത്തിച്ചത്. കൂടാതെ കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന ബഹുരാഷ്ട്ര ആരോഗ്യപരിചരണ സ്ഥാപനങ്ങള്‍ക്കായി 14 കോടി ഡോളറിന്റെ സാമ്പത്തിക സഹായവും ഖത്തര്‍ ഇതുവരെ നല്കി. ഇതു കൂടാതെയാണ് ഗാവിക്കായി 2 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.