പ്രായമുള്ളവർ കാര്യാലയങ്ങൾ കയറി ഇറങ്ങേണ്ട; ‘ആമർ’ സേവനം വീടുകളിലെത്തും
Mail This Article
ദുബായ് ∙ പ്രായമുള്ള സ്വദേശികളും വിദേശികളും കാര്യാലയങ്ങൾ കയറി ഇറങ്ങേണ്ട ‘ആമർ’ സേവനങ്ങൾ നിങ്ങളുടെ വീടുകളിലെത്തും. ദുബായ് താമസകുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വീസാ സേവനങ്ങൾ നൽകുന്ന എമിറേറ്റിലെ ഉപഭോക്തൃ കേന്ദ്രങ്ങളാണ് ആമർ. കോവിഡ് ഭീതി അകലാത്ത പശ്ചാത്തലത്തിൽ എമിറേറ്റിലെ പ്രായമുള്ള സ്വദേശികളും വിദേശികളും ആമർ സെന്ററുകളിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്ന് ആമർ സെന്ററുകളുടെ തലവൻ മേജർ സാലിം ബ്ൻ അലി അറിയിച്ചു.
ആമർ സേവന കേന്ദ്ര ഉദ്യോഗസ്ഥർ മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി ആവശ്യമായ സേവനങ്ങൾ നൽകും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെയാണ് സേവനങ്ങൾ നൽകുക. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിലച്ചിരുന്ന ആമർ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നു. വിമാനത്താവളങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലുമെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാസ്ക്കും ഗ്ലൗസും നിർബന്ധമാക്കിയതോടൊപ്പം സാമൂഹിക അകലവും അപേക്ഷകർ പാലിക്കണമെന്ന് മേജർ സാലിം സൂചിപ്പിച്ചു.
രാവിലെ 8 മുതൽ രാത്രി 8 വരെ ആമർ സേവനം ലഭിക്കും. ഷോപ്പിങ് മാളുകളിലുള്ള സേവന കേന്ദ്രങ്ങളുടെ സമയപരിധി രാത്രി പത്ത് വരെ നീട്ടിയിട്ടുണ്ട്. ആളുകൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലേക്ക് പ്രായമേറിയവർ എത്താതിരിക്കാനും അവരുടെ സുരക്ഷയ്ക്കും വേണ്ടിയാണ് വീടുകളിൽ വച്ച് സേവനം നൽകുന്നതെന്ന് മേജർ സാലിം പറഞ്ഞു.