ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഓഗസ്റ്റ് 18 നു ശേഷം വീസാ കാലാവധിയിൽ ഇളവുകൾ ഒന്നും ഉണ്ടാകില്ലെന്ന് അധികൃതർ. രാജ്യം വിടാൻ സന്നദ്ധമാവുക എന്നതു മാത്രമായിരിക്കും നിയമലംഘനത്തിനുള്ള ഇളവ് ലഭിക്കാനുള്ള പ്രധാന വ്യവസ്ഥ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് നിയമലംഘകർക്ക് രാജ്യം വിടാൻ വഴിയൊരുക്കുന്നത്. 

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാർച്ച് ഒന്നിന് ശേഷം വീസാ കാലാവധി കഴിഞ്ഞവർക്ക് നേരത്തെ അറിയിച്ച പ്രകാരം ഡിസംബർ വരെ ഇത് നീട്ടിയിട്ടുണ്ട്. വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് അവർക്ക് ഈ കാലാവധിക്കുള്ളിൽ രാജ്യം വിടാം. എന്നാൽ, അതിനു മുൻപ് വീസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ കഴിയുന്നവർ ഉടൻ രാജ്യം വിടണമെന്നാണ് നിർദേശം. 

യുഎഇയിൽ താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ച് കഴിയുന്നവർക്ക് രാജ്യം വിടാനുള്ള അവസാന അവസരം കൂടിയാണിത്. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യം വിടുന്നവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ സൂക്ഷ്മപരിശോധനകൾക്കായി അധികൃതരുമായി ബന്ധപ്പെടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ സഈദ് റാകാൻ അൽ റാഷിദി അറിയിച്ചു. 

al-rashidi
ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ സഈദ് റാകാൻ അൽറാഷിദി.

യാത്രാരേഖകൾ പരിശോധിക്കുന്ന സ്ഥലങ്ങൾ

ഖിസൈസ് പൊലീസ് സ്റ്റേഷൻ, സിവിൽ ഏവിയേഷൻ പൊലീസ് സ്റ്റേഷൻ, ടെർമിനൽ രണ്ടിനു സമീപമുള്ള സ്വീകരണ ഹാൾ എന്നിവിടങ്ങളിലാണു രാജ്യം വിടാൻ സന്നദ്ധരായവരുടെ യാത്രാരേഖകൾ പരിശോധിക്കുക. 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൂക്ഷ്മപരിശോധനയിൽ ഇളവ് നൽകിയിട്ടുണ്ട്.

6 മണിക്കൂർ മുൻപേ വിമാനത്താവളത്തിൽ എത്തണം

അബൂദാബി, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി രാജ്യം വിടുന്നവർ ആറ് മണിക്കൂർ മുൻപേ വിമാനത്താവളങ്ങളിൽ എത്തണമെന്നാണു നിർദേശം. വിമാന ടിക്കറ്റും ബോഡിങ്ങ് പാസും കയ്യിൽ കരുതണം. വ്യക്തിഗത വീസയിൽ കഴിയുന്നവർക്ക് ആനുകൂല്യം ആവശ്യമെങ്കിൽ തൊഴിലാളികളുമായി സ്പോൺസർമാർ യാത്രക്കാരുടെ ഡിപാർചർ  കേന്ദ്രത്തിലെത്തണം.

ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് 800 453 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. അവധി ദിനങ്ങൾ ഒഴികെ രാവിലെ 8 മുതൽ രാത്രി 10 വരെ വിളിക്കാവുന്നതാണെന്ന് റാഷിദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com