ഒമാൻ വീണ്ടും സജീവം; 3 മാസമായി അടഞ്ഞുകിടന്ന മാളുകളടക്കമുള്ള സ്ഥാപനങ്ങൾ തുറന്നു
Mail This Article
മസ്കത്ത് ∙ ഒമാനിൽ 3 മാസമായി അടഞ്ഞുകിടന്ന മാളുകളടക്കമുള്ള കൂടുതൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ തുറന്നു. മത്ര, സുഹാർ, സുവൈഖ്, സീബ്, ഖുറിയാത്ത്, ഇബ്രി, അൽ അശ്കറ എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളും തുറന്നു. എന്നാൽ ഹംറിയയുടെ ചില ഭാഗങ്ങൾ, വാദി കബീർ വ്യവസായ മേഖല എന്നിവിടങ്ങളെ ഒഴിവാക്കി.
ആദ്യഘട്ടത്തിൽ 63 വിഭാഗങ്ങളിലെയും രണ്ടാംഘട്ടത്തിൽ 54 വിഭാഗങ്ങളിലെയും സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഓഫിസ്, ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ, ഡ്രൈവിങ് സ്‌കൂളുകൾ, മീഡിയ- പരസ്യ കമ്പനികൾ, ലോൺഡ്രി, തയ്യൽക്കടകൾ, ക്ലീനിങ് കമ്പനികൾ, എസി-വാഷിങ് മെഷീൻ സർവീസ് സ്ഥാപനങ്ങൾ, ക്യാമറ, സിസിടിവി കടകൾ എന്നിവയ്ക്കാണ് പുതുതായി പ്രവർത്തനാനുമതി ലഭിച്ചത്.
മാളുകൾ 12 മുതൽ
മാളുകൾ ഉച്ചയ്ക്കു 12 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. സന്ദർശകർക്ക് ശരീരോഷ്മാവ് പരിശോധനയുണ്ട്.
12 വയസ്സിൽ താഴെയുള്ളവർക്കും 60നു മുകളിലുള്ളവർക്കും പ്രവേശനമില്ല.
പൊതു മേഖലകളിൽ ഇരിപ്പിടങ്ങൾ ഉണ്ടാകില്ല. പ്രാർഥനാ മുറിയും തുറക്കില്ല.
നിയന്ത്രണങ്ങൾ
* പാർക്കിങ് മേഖലയിൽ ഉൾക്കൊള്ളാവുന്നതിന്റെ 50% വാഹനങ്ങൾക്കു മാത്രം അനുമതി.
* സന്ദർശകർക്കു മാസ്ക് നിർബന്ധം. മാൾ ഉടമകൾ ഇത് ഉറപ്പാക്കണം. ആൾക്കൂട്ടം അനുവദിക്കില്ല.
* സ്ഥാപനങ്ങൾ ജീവനക്കാരെ മറ്റു ശാഖകളിലേക്കു സ്ഥലം മാറ്റരുത്.
* റെസ്റ്റ് റൂമുകളിലെ ഹാൻഡ് ഡ്രയറുകൾ പ്രവർത്തിപ്പിക്കില്ല.
* സന്ദർശകരെ പരമാവധി 2 മണിക്കൂർ മാളുകളിൽ ചെലവഴിക്കാം. ഇതുസംബന്ധിച്ച അറിയിപ്പ് പ്രവേശന കവാടത്തിൽ സ്ഥാപിക്കണം.
* ഡോർ ഹാൻഡിലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇടയ്ക്കിടെ അണുമുക്തമാക്കണം.
* ഫുഡ് കോർട്ട്, എടിഎം, എലിവേറ്ററുകൾ, എസ്കലേറ്ററുകൾ എന്നിവിടങ്ങളിലടക്കം അകലം പാലിക്കണം.