ആയിരം കോടിയുടെ ലഹരി കടത്ത്; ഇന്റർപോൾ തേടുന്ന പ്രതികളെ പിടിച്ച് ദുബായ് പൊലീസ്–വിഡിയോ
Mail This Article
ദുബായ് ∙ കോടികളുടെ ലഹരിമരുന്ന് ഒാസ്ട്രേലിയയിലേയ്ക്ക് കടത്താൻ ശ്രമിച്ച ഇന്റർപോൾ അന്വേഷിക്കുന്ന കേസിലെ സൂത്രധാരരെന്ന് കരുതുന്ന രണ്ടു പേരെ ദുബായ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. 150 ദശലക്ഷം ഡോളർ (ആയിരം കോടിയിലേറെ രൂപ) വിലമതിക്കുന്ന മൂന്നു ടണ്ണോളം വരുന്ന ലഹരിമരുന്നാണ് ഇവർ കടത്താൻ ശ്രമിച്ചതെന്ന് ദുബായ് പൊലീസ്, ഒാസ്ട്രേലിയൻ ഫെഡറൽ പൊലീസ് കമ്മീഷണർ റീസ് കെർഷാവ് എന്നവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ പറഞ്ഞു.
പൊലീസ് തിരയുന്ന ബെൻജമിൻ നീൽ, മാത്യു ജോൺ എന്നിവരെയാണ് വാറന്റ് പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനകം അറസ്റ്റ് ചെയ്തതെന്ന് ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. കഴിഞ്ഞ ജൂണിൽ ബെന്‍ജമിൻ നീൽ, മാത്യു ജോൺ എന്നിവര്‍ക്കും മറ്റൊരു പ്രതിക്കും വേണ്ടി ഒാസ്ട്രേലിയൻ പൊലീസ് ഒട്ടേറെ റെയിഡുകൾ നടത്തിയിരുന്നു.
മറ്റു രാജ്യങ്ങളുമായി ചേർന്ന് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ദുബായ് പൊലീസ് വലവീശിത്തുടങ്ങിയത്. ഇത്തരം ദുരൂഹ കേസുകള്‍ പിന്തുടർന്ന് പിടികൂടാനുള്ള ദുബായ് പൊലീസിന്റെ പ്രത്യേക കഴിവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പ്രകീർത്തിച്ചു.
ഒാസ്ട്രേലിയൻ പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ദുബായ് പൊലീസ് ഡാറ്റാ അനാലിസിസ് കേന്ദ്രം നടത്തിയ പഠനത്തിൽ രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞു. യുഎഇയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് പ്രോസിക്യൂഷന് കൈമാറി.
ഈ വർഷം അറസ്റ്റ് ചെയ്തത് 52 കുറ്റവാളികളെ
ഈ വർഷം ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് കുപ്രസിദ്ധരായ 52 കുറ്റവാളികളെ. തീവ്രവാദം, ആസൂത്രിതമായ കുറ്റകൃത്യങ്ങൾ, പണം ഇരട്ടിപ്പ്, കൊലപാതകം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ വളരെ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരാണിവരെന്ന് സി െഎഡി ഡയറക്ടർ ബ്രി.ജമാൽ അൽ ജല്ലാഫ് പറഞ്ഞു. ഹോളണ്ട്, ബെൽജിയം, ഇംഗ്ലണ്ട്, സ്വീഡൻ, ഒാസ്ട്രേലിയ, പാക്കിസ്ഥാൻ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യക്കാരാണ് കുറ്റവാളികൾ.