യൂണിയൻ കോപ് വൻ സംഭരണശാലയും വിൽപന കേന്ദ്രവും തുറന്നു
Mail This Article
ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ജിസിസിയിലെ തന്നെ ഏറ്റവും വലിയ സംഭരണ ശാലയും മൊത്ത വിൽപന കേന്ദ്രവും അൽ തയ്യിൽ ആരംഭിച്ചു.15% മുതൽ 20% വരെ വിലക്കുറവിൽ ഇവിടെ നിന്നു സാധനങ്ങൾ വാങ്ങാനും സാധിക്കും. ഇതിനൊപ്പം വിലപേശാനും അവസരമുണ്ടെന്ന് യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി വ്യക്തമാക്കി.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരം ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകി അതിന് വീഴ്ച വരാതിരിക്കാനാണ് ഇത്രവലിയ സംരംഭം ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലേകാൽ ലക്ഷം ചതുരശ്ര അടിയാണ് സംഭരണശാലയുടെ വലുപ്പം. പതിനായിരത്തോളം ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ ഇവിടെ നിന്നു ലഭിക്കും. 200 പേർക്ക് ഒരേ സമയം ഷോപ്പിങ് നടത്താം.15,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ സൂപ്പർമാർക്കറ്റുമുണ്ട്.
ജിസിസിയിലെ തന്നെ ഏറ്റവും വലിയ ചില്ലർ യൂണിറ്റും ഇവിടെയുണ്ട്. സെൽഫ് സർവീസ് രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇത് സാമൂഹിക സേവനത്തിന്റെ ഭാഗമാണെന്നും സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവ് മാത്രം എടുക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് പരമാവധി വിലക്കുറവിലും ഗുണമേന്മയിലും സാധനങ്ങൾ നൽകാൻ കഴിയുമെന്നും അൽ ഫലാസി ചൂണ്ടിക്കാട്ടി.