കോടതി വിട്ടു, ഇന്ത്യൻ അധികൃതരുടെ അനാസ്ഥയിൽ ജയിലിൽ തന്നെ; മലയാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ
Mail This Article
മസ്കത്ത് ∙ കാലാവധി കഴിഞ്ഞും ഒമാനിലെ ജയിലുകളിൽ കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കം അൻപതിലധികം ഇന്ത്യക്കാർ. ശിക്ഷയനുഭവിച്ചവർക്ക് തിരികെയുള്ള യാത്രയ്ക്ക് ആവശ്യമായ രേഖകൾ ഒമാനിലെ ഇന്ത്യൻ അധികൃതർ നൽകാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് മനോരമ ഓൺലൈന്റെ ഇംഗ്ലീഷ് പതിപ്പായ ഓൺമനോരമ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരവധി മലയാളികളാണ് ഇത്തരത്തിൽ ഒമാനിലെ വിവിധ ജയിലുകളിൽ ദുരിതം അനുഭവിക്കുന്നത്. അത്തരത്തിൽ ഒരാളാണ് ഹസീബ് (യഥാർഥ പേരല്ല). ഈ 38 വയസ്സുള്ള തിരുവനന്തപുരം സ്വദേശിയുടെ കാലാവധി ഈ വർഷം മാർച്ചിൽ അവസാനിച്ചതാണ്. ഇദ്ദേഹത്തെ പുറത്തുവിടാൻ ഒമാനിലെ കോടതി വിധിക്കുകയും ചെയ്തു. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഹസീബ് പുറത്തിറങ്ങിയിട്ടില്ല. വിചാരണ തടവുകാരനായി എട്ടു മാസവും കോടതി വിധിക്ക്ശേഷം നാല് മാസവും ജയിലിൽ കിടന്നു. പക്ഷേ, ഹസീബിന് ഇപ്പോഴും പുറത്തിറങ്ങാനായില്ല.
ഇക്കാര്യങ്ങൾ വിവരിച്ചും ഭർത്താവിന്റെ മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടും ഒമാനിലെ ഇന്ത്യൻ അംബാസിഡർ മുനു മഹാവറിന് ഹസീബിന്റെ ഭാര്യ ഹന്ന (യഥാർഥ പേരല്ല) അപേക്ഷ അയച്ചു. മേയ് 23ന് അയച്ച ഇ–മെയിലിൽ ശിക്ഷ കഴിഞ്ഞും ജയിലിൽ കഴിയുന്ന തന്റെ ഭർത്താവിന്റെ മനോനിലയെ ഇത് മോശമായി ബാധിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ, ഈ അപേക്ഷയ്ക്ക് ഇന്ത്യൻ അധികൃതരിൽ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഹന്ന പറഞ്ഞു. ‘എന്റെ ഭർത്താവിനെ തിരിച്ചു കൊണ്ടുവരുന്നതിന് അവർ ഒന്നും ചെയ്യുന്നില്ല. മോചനത്തിന് ഒമാൻ കോടതി ഉത്തരവിട്ടിട്ട് അഞ്ചു മാസം കഴിഞ്ഞു. അദ്ദേഹത്തിന്റെ യാത്രാ രേഖകൾ ഇന്ത്യൻ അധികൃതർ നൽകിയാൽ മാത്രമേ മോചനം സാധ്യമാകൂ’–ഹന്ന വ്യക്തമാക്കി.
വേണം ശക്തമായ ഇടപെടൽ
കാലാവധി കഴിഞ്ഞും ഒമാനിലെ ജയിലുകളിൽ അൻപതിലധികം ഇന്ത്യക്കാർ കഴിയുന്നുവെന്നാണ് വിവരം. ഒമാനിൽ കോവിഡ് 19 മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമ്പോഴും ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഒന്നും തന്നെയുണ്ടാകുന്നില്ല. ഒമാനിൽ വീണ്ടും ലോക്ഡൗൺ വരികയും ചെയ്തു. ഇന്ത്യൻ അധികൃതർ ജയിലുകളിൽ കഴിയുന്നവരുടെ യാത്രാ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ.
ഇന്ത്യൻ അധികൃതരുടെ നിരുത്തരവാദപരമായ നടപടികൾക്കെതിരെ ഒമാനിലെ സാമൂഹിക പ്രവർത്തകരും രംഗത്തുവന്നു. ഇത്തരം വിഷയങ്ങൾ ഇന്ത്യൻ അധികൃതർ കാര്യമായി എടുക്കുന്നില്ലെന്ന് ഒരു സാമൂഹിക പ്രവർത്തകൻ ആരോപിച്ചു. ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നീതി നിഷേധിക്കുകയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇദ്ദേഹം പറഞ്ഞു.
നോർക്ക വെൽഫയർ ബോർഡ് അംഗവും ഒമാനിൽ ജീവിക്കുന്ന വ്യക്തിയുമായ പി.എം. ജാബിർ ഈ വിഷയം ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ‘ജയിലുകളിൽ കഴിയുന്നവരുടെ ബന്ധുക്കളുടെ നിരവധി ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ എംബസി നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്’– ജാബിർ പറഞ്ഞു.
നിഷേധിച്ച് ഇന്ത്യൻ അധികൃതർ
ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ നിഷേധിച്ചു. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇർഷാദ് അഹമ്മദ് ഓൺമനോരമയോട് പറഞ്ഞു. തടവുകാരെ തിരികെ ഇന്ത്യയിൽ എത്തിക്കുന്നതിന് ഒമാൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. നേരത്തെ, നിരവധി ഇന്ത്യക്കാരെ എംബസി ഇടപെട്ട് ഒമാനിൽ നിന്ന് നാട്ടിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഇർഷാദ് അഹമ്മദാണ് എംബസിയിലെ കമ്മ്യൂണിറ്റി വെൽഫയർ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
കണക്കുപോലും അറിയില്ല
ഒമാനിലെ വിവിധ ജയിലുകളിൽ എത്ര ഇന്ത്യക്കാർ ഉണ്ടെന്ന കണക്കുപോലും കൃത്യമായി എംബസി അധികൃതർക്ക് അറിയില്ല. ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് അധികൃതർ പ്രതികരിക്കാനും തയാറായില്ല. ഒമാനിലെ സാമൂഹിക പ്രവർത്തകർ നൽകുന്ന കണക്കുകൾ പ്രകാരമാണ് അൻപതിലധികം ഇന്ത്യക്കാർ കാലവധി കഴിഞ്ഞും ഒമാനിൽ കഴിയുന്നുവെന്ന് മനസിലാക്കിയത്. എംബസി അധികൃതർ ജയിൽ സന്ദർശിച്ചാൽ മാത്രമേ അവർക്ക് ഇതു സംബന്ധിച്ച കണക്ക് ലഭിക്കൂ. ഇന്ത്യൻ അധികൃതരിൽ ആരും അടുത്ത കാലത്തിനിടെ സൊഹാറിലെ ജയിൽ സന്ദർശിച്ചിട്ടില്ലെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിരവധി ഇന്ത്യക്കാർ ആണ് ഇവിടെ മോചനത്തിനായി കാത്തിരിക്കുന്നത്. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് സൊഹാർ നഗരം.
അറസ്റ്റ് ഖത്തറിൽ, ജയിൽ ഒമാനിൽ
ഹസീബിന്റെ ദുരിതകഥ നടക്കുന്നത് 2019 ജൂൺ 24ന് വിസിറ്റിങ് വീസയിൽ ഖത്തറിൽ എത്തിയപ്പോഴാണ്. അവിടെ വച്ച് അറസ്റ്റിലാവുകയും രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ റോയൽ ഒമാൻ പൊലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റിന്റെ കാരണമെന്താണെന്ന് ഹസീബ് മനസിലാക്കിയത് സൊഹാറിലെ ജയിലിൽ എത്തിയശേഷമാണ്. 2015 മുതൽ രണ്ടു വർഷം ഹസീബ് കുടുംബമായി ഒമാനിൽ ജോലിചെയ്ത് ജീവിച്ചിരുന്നു. തുടർന്ന് ഭാര്യയ്ക്ക് പ്രസവവുമായി ബന്ധപ്പെട്ട് ചില ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ കേരളത്തിലേക്ക് മടങ്ങി. കുഞ്ഞ് ജനിച്ചെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഹസീബ് നാട്ടിൽ തന്നെ തുടർന്നു. ഹസീബിന്റെ അറസ്റ്റിന് കാരണമായത് അദ്ദേഹത്തിന്റെ തൊഴിലുടമയുടെ പരാതിയാണ്. തന്നെ കബളിപ്പിച്ച് പണവുമായാണ് ഹസീബ് കേരളത്തിലേക്ക് പോയത് എന്നായിരുന്നു പരാതി. ഒമാനിലെ സുമൈലിൽ സ്ഥിതി ചെയ്യുന്ന പ്രധാന സെൻട്രൽ ജയിലിലാണ് ഹസീബ് ഇപ്പോഴുള്ളത്.
ഓരോതവണ വിളിക്കുമ്പോഴും ഹസീബിന്റെ അവസ്ഥ കൂടുതൽ മോശമാണെന്നാണ് ഭാര്യ ഹന്ന പറയുന്നത്. മറ്റുരാജ്യങ്ങളിൽ നിന്നുള്ള സഹതടവുകാരുടെ കാർഡിൽ നിന്നാണ് ഹസീബ് ഫോൺ വിളിക്കുന്നത്. ഇരുപതിൽ അധികം ഇന്ത്യക്കാർ ഹസീബിനൊപ്പം ഈ ജയിലിൽ ഉണ്ടെന്നാണ് പറയുന്നത്.
വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്കുള്ള സർക്കാരിന്റെ നിർദേശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. 2018ൽ രാജ്യസഭയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് തിരികെ വരുന്നതിന് ആവശ്യമായ യാത്ര രേഖകൾ നൽകുന്നതിന് കോൺസലർ സഹായം ചെയ്യണമെന്നാണ്. കൂടാതെ, എംബസി അധികൃതർ പ്രാദേശിക ജയിലുകളിൽ സന്ദർശനം നടത്തുകയും അവിടെയുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം നൽകണമെന്നും പറയുന്നു. ഇന്ത്യൻ തടവുകാർക്ക് കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കേണ്ടത് അതത് രാജ്യങ്ങളിലെ എംബസിയാണ്. നിയമസഹായം ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കണമെന്നും ഇതിന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
വാഗ്ദാനങ്ങൾ രേഖകളിൽ മാത്രം
ഇത്രയെല്ലാം നിർദേശങ്ങളും നിയമങ്ങളും ഉണ്ടെങ്കിലും ഇവയെല്ലാം കേവലം രേഖകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നാണ് ജയിലുകളിൽ കഴിയുന്നവരുടെ ബന്ധുക്കളുടെ പരാതി.
ഒമാനിലെ തന്നെ ജയിലിൽ കഴിയുന്ന മറ്റൊരു മലയാളി യുവതിയുടെ വാക്കുകൾ ഇങ്ങനെ: എംബസിയിൽ നിന്നും ഇതുവരെ ഒരാളു പോലും ജയിലിൽ വന്ന് കണ്ടിട്ടില്ലെന്ന് സരസ്വതി (യഥാർഥ പേരല്ല) തന്റെ ഭർത്താവിനോട് വെളിപ്പെടുത്തി. ‘തിരികെ നാട്ടിലേക്ക് പോകുന്ന കാര്യവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വിളിക്കുമ്പോൾ എംബസിയിൽ ഉള്ളവർ ഫോൺപോലും എടുക്കാറില്ല. അവർ ഫോണെടുത്ത് സംസാരിക്കുകയാണെങ്കിൽ പോലും അതൊരു ആശ്വാസമാണ്’ – സരസ്വതി പറഞ്ഞു. ഒമാനിൽ വീട്ടുജോലിക്കാരിയായിരുന്നു ഇവർ. 2019 ഡിസംബറിൽ തൊഴിൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിലിലായത്. കോടതി ഇവരെ 2020 ഫെബ്രുവരിയിൽ മോചിപ്പിച്ചു. പക്ഷേ, ഇതുവരെ നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.
ഭാര്യയെ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തിൽ നാട്ടിലെത്തിക്കണമെന്നാണ് ഭർത്താവ് സദാനന്ദന്റെ (യഥാർഥ പേരല്ല) ആവശ്യം. ‘അവളുടെ സുരക്ഷയിൽ എനിക്ക് ആശങ്കയുണ്ട്. ഒമാനിൽ വീണ്ടും ലോക്ഡൗൺ വന്നു. അവൾ എന്ന് വീട്ടിലേക്ക് മടങ്ങിവരുമെന്ന് എനിക്കറിയില്ല’–സദാനന്ദൻ പറഞ്ഞു. ഭാര്യയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അപേക്ഷ നൽകിയിരുന്നുവെന്നും സദാനന്ദൻ വ്യക്തമാക്കി. ‘വിഷയത്തിൽ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. പക്ഷേ, ഇതുവരെ ഒന്നും നടന്നില്ല’–സദാനന്ദൻ പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രി മുരളീധരനുമായി ഓൺമനോരമ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണിൽ പ്രതികരിക്കുകയോ മെസേജുകൾക്ക് മറുപടി നൽകുകയോ ചെയ്തില്ല.
ഒമാനിലെ ജയിലിൽ ഉള്ള മറ്റൊരു മലയാളിയാണ് ഷെറിൻ (യഥാർഥ പേരല്ല). ജൂലൈ 15ന് അദ്ദേഹത്തിന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു. 2019 സെപ്റ്റംബറിലാണ് ഷെറിൻ അറസ്റ്റിലാകുന്നത്. ഈ വർഷം മാർച്ചിൽ അദ്ദേഹത്തേയും കോടതി വിട്ടയച്ചു. പക്ഷേ, ഇതുവരെ ജയിൽ മോചിതനാകാൻ സാധിച്ചില്ല. കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി എങ്ങനെ ഇനി മടങ്ങിവരുമെന്ന് അറിയില്ലെന്ന് ഷെറിൻ ഭാര്യയോട് പറഞ്ഞു. ഇന്ത്യൻ അധികൃതർ വിഷയത്തിൽ ഇടപെടുമെന്നും ഭർത്താവിനെ നാട്ടിൽ എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതീക്ഷ.
ഇത്തരത്തിൽ ഒമാനിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ വഴി നാട്ടിലേക്ക് എത്തിക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം.