ചരിത്രത്തിന് ഉത്തരമായ് ഖത്തർ സ്റ്റാംപുകൾ
Mail This Article
ദോഹ ∙ സ്റ്റാംപുകൾ പറയും ഖത്തറിന്റെ ചരിത്രം. രാജ്യത്തിന്റെ ചരിത്ര ദിനങ്ങൾ ഓർമപ്പെടുത്തി കൊണ്ടുള്ള ഖത്തർ പോസ്റ്റിന്റെ തപാൽ സ്റ്റാംപുകൾ ശ്രദ്ധേയം. ഭരണം, വിദ്യാഭ്യാസം, കായികം, ഊർജം തുടങ്ങി സമസ്ത മേഖലകളിലെയും പ്രധാന ദിനങ്ങളുടെ സ്മരണ പുതുക്കുന്നതാണ് ഓരോ സ്റ്റാംപുകളും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റതിന്റെ 5 മതു വാർഷികത്തിൽ പുറത്തിറക്കിയതും വ്യത്യസ്ത നിറങ്ങളുടെ പശ്ചാത്തലത്തിലുള്ള അമീറിന്റെ ചിത്രങ്ങൾ പതിച്ച സ്റ്റാംപുകളുമെല്ലാമുണ്ട്.
ഫിഫ ലോകകപ്പ് ഖത്തർ, ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ തുടങ്ങി കായിക ചരിത്രത്തിലെ പ്രധാന നേട്ടങ്ങളെക്കുറിച്ചുള്ള സ്റ്റാംപുകളാണ് കൂടുതലായുള്ളത്. സ്‌പെഷൽ എഡിഷൻ സ്റ്റാംപുകളും ധാരാളം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150 ജന്മദിനാഘോഷ ഭാഗമായി ഗാന്ധിജയന്തി ദിനമായ 2019 ഒക്‌ടോബർ 2 ന് പുറത്തിറക്കിയ സ്റ്റാംപുകളുമുണ്ട്. 15 റിയാൽ ആണ് വില. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷം-2019ന്റെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.
ഖത്തറിന്റെ പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന്റെ പ്രഥമ സിഎൻജി ബസ് പുറത്തിറക്കിയ ദിനത്തിന്റെയും ഹമദ് തുറമുഖം ഉദ്ഘാടനം ചെയ്ത ദിനത്തിന്റെയും സ്മരണയ്ക്കായുള്ള സ്റ്റാംപുകളുമുണ്ട്. വിവിധ മേഖലയിലെ പ്രധാന ദിനങ്ങൾ രേഖപ്പെടുത്തിയുള്ളവ കൂടാതെ ഖത്തറിന്റെ സമുദ്ര സമ്പത്ത്, വ്യത്യസ്ത തരം ചെറുപ്രാണികൾ, 5/6 ഇന്റർചേഞ്ച് എന്നിവയുടെ സ്റ്റാംപുകളും ധാരാളം. ചരിത്രത്തിൽ ഇടം നേടിയ ദിനങ്ങളുടെ സ്മരണയ്ക്കായി പുറത്തിറക്കിയ സ്റ്റാംപുകൾ 50 ദിർഹം മുതൽക്ക് ഖത്തർ പോസ്റ്റിന്റെ ഓൺലൈൻ (https://store.qatarpost.qa/webstore) വഴി വാങ്ങാം.