തുടരണം പ്രതിരോധം
Mail This Article
ദോഹ ∙ മാസ്‌ക് ധരിച്ചും പരസ്പരം അകലം പാലിച്ചും സർക്കാർ നിർദേശിക്കുന്ന കോവിഡ്-19 പ്രതിരോധ, മുൻകരുതലുകൾ സ്വീകരിച്ചും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നു പൊതുജനാരോഗ്യ മന്ത്രാലയം. മുൻകരുതലുകളിൽ വീഴ്ച പാടില്ലെന്ന ഓർമപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണവും ശക്തം. കോവിഡിൽ നിന്നു സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് ഓർമപ്പെടുത്തിയാണ് സർക്കാരിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ ഓരോ പോസ്റ്റുകളും.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രാഥമിക പരിചരണ കോർപറേഷൻ എന്നിവ മാത്രമല്ല ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും കോവിഡ് മുൻകരുതലുകൾ സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബോധവൽക്കരണം കൂടുതൽ സമഗ്രമാണ്. വയോധികർ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരുടെ സംരക്ഷണം, മാസ്‌ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുമെല്ലാം പോസ്റ്ററുകളും വിഡിയോകളും സഹിതമാണ് വിവിധ ഭാഷകളിലായുള്ള ബോധവൽക്കരണം.
ജാഗ്രത കുറവ് അപകടം ചെയ്യും
ഒരുവശത്ത് സർക്കാർ കോവിഡ് ബോധവൽക്കരണം ശക്തമാക്കുമ്പോഴും മറുവശത്ത് നിർദേശങ്ങൾ അവഗണിച്ചു മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും പുറത്തിറങ്ങുന്നവരും ധാരാളം. മുൻകരുതൽ പാലിക്കാതെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്താൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നും നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമെന്നും അധികൃതർ ആവർത്തിച്ചുള്ള മുന്നറിയിപ്പാണു നൽകുന്നത്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെങ്കിലും രാജ്യം ഇപ്പോഴും കോവിഡ് പിടിയിൽ തന്നെയാണ്. . ചെറിയ കുട്ടികൾ മുതൽ വയോധികർ വരെയുള്ള സമൂഹത്തിലെ ഓരോ അംഗവും നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ 16000 എന്ന നമ്പറിൽ അധികൃതരെ അറിയിക്കുകയും കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയമാകുകയും വേണം.