യുഎഇ സുരക്ഷിതം, വിദ്യാർഥികൾക്കായി ശക്തമായ മുൻകരുതൽ: എസ്.ജെ. ജേക്കബ്
Mail This Article
അജ്മാൻ ∙ യുഎഇ, ഇന്ത്യ അടക്കമുള്ള മിക്ക രാജ്യങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ബ്ലെൻഡഡ് ലേണിങ് വിദൂരവിദ്യാഭ്യാസ സമ്പ്രദായം പണ്ടേ നിലവിലുണ്ടെന്നും കോവിഡ് 19 കാലത്ത് ഇത് വ്യാപകമാവുകയാണെന്നും അജ്മാൻ അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ എസ്. ജെ.ജേക്കബ്. വിവിധ ഭൂഖണ്ഡങ്ങളിലെ മിക്ക രാജ്യങ്ങളും ബ്ലെൻഡഡ് ലേണിങ്ങിനെ ആപൽക്കാലത്തെ വിശ്വസ്തപഠന മാധ്യമമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നും ലോകത്തിന് ഒരടി മുന്നിൽത്തന്നെ നീങ്ങുന്ന യുഎഇ സർക്കാരും ഇൗ രീതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് വഴി നേരത്തെത്തന്നെ സ്‌കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ഒരു സമയം കുറച്ചു കുട്ടികൾ മാത്രം സ്കൂളുകളിലെത്തുകയും ബാക്കിയുള്ളവർക്ക് വിദൂരവിദ്യാഭ്യാസ സംവിധാനംവഴി പഠനം ഉറപ്പുവരുത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് ഇത്.
മുഖാമുഖമുള്ള പഠനം; യുഎഇ സുരക്ഷിതം
ഇന്നും ലോകം കോവിഡ് 19 മഹാമാരിയിൽനിന്ന് മോചിതരായിട്ടില്ലെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ യുഎഇയിൽ താമസിക്കുന്ന നമുക്ക് പ്രത്യാശയ്ക്കും അഭിമാനത്തിനും വകയുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിലും തികഞ്ഞ മുൻകരുതലാണ് യുഎഇ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. മധ്യവേനൽ അവധി കഴിഞ്ഞ് കഴിഞ്ഞമാസം 30 ന് സാങ്കേതികമായി സ്‌കൂളുകൾ തുറന്നു. അബുദാബിയിലും ദുബായിലും കെജി മുതൽ 12–ാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിൽ വന്നുതുടങ്ങാം എന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ 5,000 വിദ്യാർഥികൾ പഠിക്കുന്ന അബുദാബിയിലെ ഒരു സ്‌കൂളിൽ 100ൽ താഴെ കുട്ടികൾ മാത്രമാണ് മുഖാമുഖം ക്ലാസ്സിന് തയാറായിട്ടുള്ളത്. ദുബായിലെ സ്ഥിതിയും മറിച്ചല്ല. ഷാർജ, അജ്‌മാൻ തുടങ്ങിയ എമിറേറ്റിൽ ഇൗ മാസം 15 വരെ മുഖാമുഖം ക്ലാസുകൾ തുടങ്ങാൻ സമയം അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ മുഖാമുഖം ക്ലാസും ഓൺലൈൻ ക്ലാസും ഒരേ സമയത്തുതന്നെ തുടങ്ങാൻ ഉദ്ദേശിക്കുമ്പോൾത്തന്നെ വളരെ ഗൗരവപൂർണമായ സുരക്ഷിതത്വ ക്രമീകരണങ്ങളാണ് ഗവൺമെന്റ് സ്‌കൂളുകൾ കർശനമായി പാലിക്കാൻ മാർഗനിർദേശങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്. സ്‌കൂളിലേയ്ക്ക് വരാൻ തയാറാകുന്ന ഓരോ കുട്ടിക്കും ഏതെല്ലാം തരത്തിൽ പരിരക്ഷ നൽകേണ്ടതുണ്ട് എന്നതിന്റെ പ്രോട്ടോക്കോൾ ഓരോ സ്‌കൂളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ദിനംപ്രതി വിലയിരുത്താനുള്ള സംവിധാനവും വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും സ്‌കൂളിൽ എത്തുന്ന ഓരോ കുട്ടിയുടെയും സമ്പൂർണമായ വിവരങ്ങൾ അന്നന്നുതന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറണം.
ഓരോ ക്ലാസ് റൂമും അണുവിമുക്തമാക്കി സജ്ജീകരിക്കണം.ഓരോ ക്ലാസിലും ഇരുത്തേണ്ട കുഞ്ഞുങ്ങളുടെ എണ്ണം, അവർ തമ്മിൽ പാലിക്കേണ്ട അകലം, ക്ലാസിനു പുറത്ത് വരാന്തയിൽ പാലിക്കേണ്ട അകലം, കുഞ്ഞുങ്ങൾ സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചുപോകുമ്പോഴും എടുക്കേണ്ട മുൻകരുതലുകൾ, സ്‌കൂൾ ബസ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്‌കൂളിലും ബസ്സിലും ഓരോ മുക്കും മൂലയും സാനിറ്റൈയ്സ് ചെയ്യേണ്ടതിൽ പാലിക്കേണ്ട അതീവശ്രദ്ധ, ഇങ്ങനെ ബ്ലെൻഡഡ് ലേണിങ് ആരംഭിക്കുമ്പോൾ ബസ്സിലോ ക്ലാസിലോ വരുന്നവരിൽ കുഞ്ഞുങ്ങൾക്കോ അധ്യാപകർക്കോ കോവിഡ് 19 പോസിറ്റീവ് ആയാൽ നിർബന്ധിതമായി ഇരിക്കേണ്ട ക്വാറന്റീൻ വ്യവസ്ഥകൾ എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദേശങ്ങൾ ഓരോ സ്‌കൂളിനും നൽകിയിട്ടുണ്ട്.
ജീവനാണ് വലുത്; എങ്കിലും ഒാൺലൈൻ ക്ലാസ് തുടരാമോ?
ഇന്ന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ഉൽക്കണ്ഠപ്പെടുന്നുണ്ടെന്നത് ഏറ്റവും ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. ഭൂരിപക്ഷം രക്ഷിതാക്കളും അധ്യയനവർഷം നഷ്ടപ്പെട്ടാലും മക്കളുടെ ജീവൻ നിലനിർത്താൻ സാധിക്കണേ എന്നു പ്രാർഥിക്കുന്നവരാണ്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെ സ്‌കൂളിൽ അയക്കാൻ അവർ വിസമ്മതിക്കുന്നത്.
അവരുടെ അരക്ഷിതാവസ്ഥ തള്ളിക്കളയാൻ പറ്റുന്ന കാര്യവുമല്ല. എന്നാൽ ഓൺലൈൻ ക്ലാസിൽത്തന്നെ എന്നും തുടരുക എന്നതും ആശാവഹമല്ലല്ലോ. മുഖാമുഖം ക്ലാസിൽനിന്നു കിട്ടുന്ന നേരിട്ടുള്ള വിജ്ഞാനത്തിനും ഓൺലൈൻ ക്ലാസിനും വ്യക്തമായ വ്യത്യാസം ഉണ്ട് എന്ന കാര്യവും നമുക്ക് അവഗണിക്കാൻ സാധിക്കുകയില്ല.
ഇത്തരുണത്തിലാണ് യുഎഇ ഗവൺമെന്റ് എടുക്കുന്ന മുൻകരുതലുകൾ പ്രാധാന്യം അർഹിക്കുന്നതായിത്തീരുന്നത്. അജ്‌മാൻ അൽ അമീർ സ്‌കൂളും മിനിസ്ട്രി നിർദേശങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.
സിംപ്റ്റം ഡിറ്റക്റ്റിങ് വാച്ച്
ബസ്സിൽ കയറുമ്പോഴും സ്‌കൂൾ ക്യാംപസിൽ പ്രവേശിക്കുമ്പോഴും ഉള്ള തെർമൽ പരിശോധന മുതൽ കുട്ടികൾ വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള ഓരോ നിമിഷവും സ്‌കൂളിന്റെ പരിപൂർണനിയന്ത്രണത്തിലായിരിക്കും. രക്ഷിതാക്കൾക്ക് ദൂരെയിരുന്നു കുട്ടികളുടെ ആരോഗ്യാവസ്ഥ അപ്പപ്പോൾ അറിയാൻ ഗവൺമെന്റ് സിംപ്റ്റം ഡിറ്റക്റ്റിങ് വാച്ച് തയാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന ഓരോ മാറ്റവും രക്ഷിതാക്കൾക്ക് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കും.
ബേബിസിറ്റിങ്ങില്ല; കൈക്കുഞ്ഞുങ്ങളുമായി അധ്യാപകർ
സ്‌കൂളിൽ അധ്യാപകർ ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെയും ഒരു പ്രിൻസിപ്പൽ എന്ന നിലയിൽ എനിക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അധ്യാപികമാരുടെ കാര്യമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇപ്പോൾ പുറത്ത് ബേബി സിറ്റിങ്ങിൽ കുഞ്ഞുങ്ങളെ ഏൽപ്പിക്കുക അസാധ്യമാണ്. കൊടുക്കാനോ ഏറ്റെടുക്കാനോ ആരും മുതിരുകയുമില്ല. അതിനായി അണുനശീകരണം ചെയ്ത ഡേ കെയർ ക്ലാസ് റൂമുകൾ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. എന്തായാലും പുതിയ വെല്ലുവിളികൾ നേരിടാതെ ഒളിച്ചോടാൻ നമുക്കാവില്ലല്ലോ. മഹാമാരി ഒഴിഞ്ഞുപോകുന്നതുവരെ ബ്ലെൻഡഡ് ലേണിങ്ങിന്റെ സാധ്യതകൾ ഏറ്റവും നന്നായി പ്രയോജനമെടുത്തി മുന്നോട്ടുപോകാം– മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് കൂടിയായ ജേക്കബ് വ്യക്തമാക്കി.