വ്യാപാര കുതിപ്പിലേക്ക് ഹമദ് തുറമുഖം
Mail This Article
ദോഹ ∙ രാജ്യത്തിന്റെ സമുദ്ര വ്യാപാരത്തിന് മുതൽക്കൂട്ടായ ഹമദ് തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനർ-2 (സിടി-2) വിന്റെ പ്രാഥമിക പ്രവർത്തനത്തിന് ഡിസംബറിൽ തുടക്കമാകും. 4 ഘട്ടങ്ങളിലായുള്ള സിടി-2 വിന്റെ വികസനം പുരോഗമിക്കുകയാണ്. ആദ്യ 2 ഘട്ടങ്ങളുടെയും പൂർണതോതിലുള്ള പ്രവർത്തനം 2022 അവസാന പാദത്തിന് മുൻപായി ആരംഭിക്കും.
അതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 30 ലക്ഷം ടിഇയു ആയി ഉയരും. 3, 4 ഘട്ടങ്ങൾ പ്രാദേശിക വിപണിയുടെ ആവശ്യകത അനുസരിച്ചാകും പ്രവർത്തന സജ്ജമാക്കുന്നതെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി വ്യക്തമാക്കി. നിലവിലെ കോവിഡ്-19 സാഹചര്യത്തിലും ടെർമിനലിന്റെ വികസന ജോലികൾ അതിവേഗ പാതയിൽ തന്നെയാണ്. തദ്ദേശീയമായി നിർമിച്ച നിർമാണ സാമഗ്രികളാണ് സിടി-2വിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നിർമാണങ്ങൾക്കുമായി ഉപയോഗിക്കുന്നത്.
പൂർണമായും പരിസ്ഥിതി സൗഹൃദപരമാണ് നിർമാണം. ഏറ്റവും വേഗത്തിലും ഉയർന്ന കാര്യക്ഷമതയിലും കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള മൂന്ന് എസ്ടിഎസ് ക്യു ക്രെയ്‌നുകളും ഓട്ടമേഷൻ പ്രവർത്തന സംവിധാനങ്ങളുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. 2021 ൽ 4 ക്രെയിനുകൾ കൂടി സജ്ജമാകും. പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ 12 ആർടിജികളാണ് ഉപയോഗിക്കുന്നത്. ബാറ്ററി ഹൈബ്രിഡ് ഇനത്തിൽപ്പെട്ടവയാണിത്. 1,2 ഘട്ടത്തിൽ 3,80,000 ചതുരശ്രമീറ്ററിലാണ് സിടി-2 നിർമിക്കുന്നത്. 624 മീറ്ററാണ് കപ്പൽതുറയുടെ നീളം.