ADVERTISEMENT

ദുബായ്∙ "അബുദാബിയിലെ എക്സ്ചേഞ്ചിൽ ഒരു ബ്രോഷർ കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. അബുദാബി കൾച്ചറൽ ഫൗണ്ടേഷനും ആ എക്സ്ചേഞ്ചും ചേർന്നു ചേർന്നു നടത്തുന്ന പരിപാടിയിൽ പൊക്കൂടനെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്ന വിവരമായിരുന്നു അത്. സത്യത്തിൽ അപ്പോഴാണ് പൊക്കൂടൻ ഇത്രയുംഅറിയപ്പെടുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങളോടൊപ്പം നടന്ന പൊക്കൂടൻ പ്രശസ്തനാകുന്നത് നേരിട്ടു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി"- കണ്ടലുകളുടെ തോഴനായ കല്ലേൻ പൊക്കൂടനെക്കുറിച്ച് അദ്ദേഹത്തിന്റെ നാട്ടുകാരനും സ്നേഹിതനുമായ സക്കീർ ഹുസൈൻ പറഞ്ഞു.  

കണ്ടലിനെ ജീവനോളം സ്നേഹിച്ച കല്ലേൻ പൊക്കൂടനെ കഴിഞ്ഞദിവസം സാംസ്കാരിക സംഘടനയായ ചിരന്തനയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ആ ചടങ്ങിനു ശേഷം പൊക്കൂടനെക്കുറിച്ചു സംസാരിക്കുകയായിരുന്നു സക്കീർ ഹുസൈൻ. 27വർഷമായി അബുദാബി എത്തിസലാത്തിൽ ഉദ്യോഗസ്ഥനാണ് സക്കീർ ഹുസൈൻ. പൊക്കൂടന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന സക്കീർ ഹുസൈന്റെ സഹോദരനും ഇൻകാസിന്റെ പ്രവർത്തകനുമായ ഇ.പി ജലീലും സംസാരത്തിൽ പങ്കുചേർന്നു. പൊക്കൂടന്റെ മകൻ അനന്തന്റെ സഹപാഠി കൂടിയാണ് ഇ.പി ജലീൽ. പൊക്കൂടനോട് സിപിഎം നെറികേടു കാണിച്ചെന്നും ജാതി ചിന്ത വച്ച് അദ്ദേഹത്തോട് പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ചിരന്തന പ്രസിഡന്റും ഇൻകാസ് ജനറൽ സെക്രട്ടറിയുമായ പുന്നയ്ക്കൻ മുഹമ്മദലിയും ആ സംഭാഷണത്തിൽ ഭാഗമായി. പൊക്കൂടന്റെ മരണ വേളയിൽ പുന്നയ്ക്കൻ മുഹമ്മദലിയും ഒപ്പമുണ്ടായിരുന്നു. കണ്ടലുകളുടെ പ്രസക്തി കണ്ടറിഞ്ഞ് യുഎഇയിൽ പോലും ധാരാളം കണ്ടലുകൾ വളർത്തുമ്പോൾ കേരളം ഇപ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്ന പരിഭവവും എല്ലാവരും പങ്കുവച്ചു.

കണ്ടൽ വച്ചുപിടിപ്പിച്ച കല്ലേൻ

സക്കീർ ഹുസൈന്റെ മുത്തച്ഛൻ കണ്ണൂർ കല്ലായി വളപ്പിൽ മൂവയ്ക്കൽ മൊയ്തീൻ കുട്ടി(മാണിക്ക) പൊക്കൂടന്റെ മാതാവിന് നൽകിയ സ്ഥലത്താണ് പൊക്കൂടൻ താമസിച്ചിരുന്നത്. പൊക്കൂടന്റെ പിതാവിന്റെ കാലം മുതലേ മൊയ്തീൻ കുട്ടിയുടെ വീട്ടിൽ ജോലി സഹായത്തിനുണ്ടായിരുന്നു. കൃഷിയിടത്തോടു ചേർന്ന് കണ്ടൽ വച്ച് പിടിപ്പിക്കുന്നത് നാട്ടുനടപ്പായിരുന്നു. കല്ലേൻ പൊക്കൂടൻ അതിനു വേണ്ടി ജീവിതം തന്നെ മാറ്റിവച്ചു.

"പ്രത്യേകിച്ച്ബണ്ടിന് ഉറപ്പ് കിട്ടാനും ഒലിച്ചു പോകാതിരിക്കാനും കണ്ടൽ വച്ച് പിടിപ്പിക്കും. പൊക്കൂടനും ഇത് പതിവായി ചെയ്തിരുന്നു. ആ ഇടയ്ക്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി കണ്ടൽ വെട്ടുന്ന വിഷയം വന്നപ്പോഴാണ് അതിന് പറ്റില്ലെന്ന് പൊക്കൂടൻ പറഞ്ഞത്. ഇതോടെ ചെറിയ പ്രശ്നങ്ങൾ തുടങ്ങി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിഷയം വലുതായി. കണ്ടൽ നടുന്നതിൽ ആർപ്പണ ബുദ്ധിയോടെ പ്രവർത്തിച്ച കല്ലൻ പൊക്കൂടനെ ലോകം അറിയാനും തുടങ്ങി"-സക്കീർ പറഞ്ഞു.

സിപിഎം പ്രവർത്തകനായിരുന്ന കല്ലേൻ പൊക്കൂടൻ വളരെ നന്നായി സംസാരിക്കുമായിരുന്നെന്നും പത്രവായന മുടക്കാറില്ലായിരുന്നെന്നും സക്കീർ ഓർത്തു.  

pokkudan-2

സിപിഎമ്മിലെ ജാതി രാഷ്ട്രീയത്തിന്റെ ബലിയാട്

പ്രമാദമായ അലിക്കുഞ്ഞ് വധക്കേസിൽ (ഏഴോം കൊലക്കേസ്)പാർട്ടി പ്രവർത്തകനായ കല്ലൻ പൊക്കൂടനും പ്രതിയായി. ഏഴോ കർഷകത്തൊഴിലാളി സമരം സംഘർഷത്തിൽ കലാശിക്കുകയും ജന്മിയുടെ സഹായിയായ അലിക്കുഞ്ഞ് കൊല്ലപ്പെടുകയുമായിരുന്നു."തലശ്ശേരി കോടതിയിലായിരുന്നു കേസ്. കേസിന്റെ കാര്യത്തിനായി തലേ ദിവസമേ ലോഡ്ജിൽ പോയി താമസിക്കേണ്ടി വന്നു. ആ സമയത്ത് സിപിഎമ്മിലെ ഉയർന്ന ജാതിയിലുള്ളവർക്ക് കിടക്കയും മെത്തയും നൽകിയപ്പോൾ കല്ലൻ പൊക്കൂടനെ താഴെ പായയിൽ കിടത്തിയതിൽ അദ്ദേഹത്തിന് പാർട്ടിയോട് നീരസം തോന്നി. പാർട്ടിയുടെ വളപട്ടണം കണ്ടൽ തീം പാർക്കിനെതിരേയും മറ്റും സംസാരിച്ച പൊക്കൂടനെ പാർട്ടിയും പുറത്താക്കിയിരുന്നു"- സിപിഎമ്മിലെ ജാതി രാഷ്ട്രീയത്തിന്റെ ബലിയാടായിരുന്നു പൊക്കൂടനെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന പൊക്കൂടന്റെ പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പുന്നക്കൻ ചൂണ്ടിക്കാട്ടി.

"പാർട്ടി വിട്ടതോടെ അദ്ദേഹം പലരുടെയും ശത്രുവായി. എതിരാളികൾ ഒരിക്കൽ പൊക്കൂടനെ മർദ്ദിച്ച്അവശനാക്കി വഴിയിൽ തള്ളയിട്ട് പോയി. മരിച്ചു പോയെന്നാ അവർ വിചാരിച്ചത്. ഏതായാലും ജീവൻതിരിച്ചു കിട്ടി”-സക്കീർ പറഞ്ഞു.

കണ്ടൽ പഠനകേന്ദ്രം, സ്വപ്നമായി ശേഷിച്ചു

"ഭാര്യ മരിച്ചതോടെയാണ് പൊക്കൂടൻ മാനസികമായി വിഷമിച്ചത്. ഏതാണ്ട് ഒരു വർഷത്തിനു ശേഷം പൊക്കൂടൻ 2015 സെപ്റ്റംബർ 27ന് മരിച്ചു. ഹൃദ്രോഗ സംബന്ധമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. രോഗം മാറി വരുമെന്നും വിചാരിച്ചതാണ്. പക്ഷെ പെട്ടെന്ന് മരിച്ചു പോയി. ആ സമയത്ത് നാട്ടിൽ അദ്ദേഹത്തോടൊപ്പം ഞാനും പുന്നയ്ക്കൻ മുഹമ്മദലിയും എല്ലാം ഉണ്ടായിരുന്നു. ഭാര്യയുടെ സമീപത്ത് തന്നെയാണ് സംസ്കരിച്ചത്. കണ്ടൽ പഠനകേന്ദ്രം സ്ഥാപിക്കണം എന്നതായിരുന്നു പൊക്കൂടന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനു സഹായിക്കാമെന്ന് അന്ന് മന്ത്രിയായിരുന്ന കെ.സി ജോസഫും മറ്റും ഉറപ്പ് നൽകിയിരുന്നു. പക്ഷേ പിന്നീട് ഒന്നും നടന്നില്ല"-ഇ.പി ജലീൽ പറഞ്ഞു.

പശ്ചിമഘട്ടത്തിലെ ആദിവാസി-ദലിത് ചൂഷണങ്ങൾക്കെതിരേ ജയൻ ചെറിയാൻ സംവിധാനം ചെയ്ത് 2013ൽ ഇറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിൽ കരിയൻ എന്ന കഥാപാത്രത്തെ പൊക്കൂടൻ ശ്രദ്ധേയമാക്കി. ജ്യോത്സനയും ബാലയും നായികനായകന്മാരായി അഭിനയിച്ച നിലം എന്ന ചിത്രത്തിലും പൊക്കൂടൻ അഭിനയിച്ചു. പക്ഷേ ചിത്രം പുറത്തു വന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com