ADVERTISEMENT

ദുബായ് ∙ പ്രവാസ കഥകൾക്കും പാട്ടുകൾക്കും അർധ വിരാമമിട്ട് എഴുത്തുകാരുനും ഗായകനുമായ ജോഷി മംഗലത്ത് നാട്ടിലേയ്ക്ക് മടങ്ങുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് അടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്ത നീണ്ട 27 വർഷത്തെ പ്രവാസ ജീവിതത്തോട് മഹസ്സലാമ പറയുമ്പോൾ, ബാക്കിയുള്ള കാലം നാട്ടിൽ എഴുത്തിൻ്റെ വഴിയേ സഞ്ചരിക്കാനാണ് ഇൗ യുവാവിന് ആഗ്രഹം.

തിരുവനന്തപുരം ‌ആറ്റിങ്ങൽ സ്വദേശിയായ ജോഷി 1993 ഡിസംബർ 11നാണ് യുഎഇയിലെത്തിയത്. ചെറുപ്പത്തിലേ കഥകളുടെയും കവിതകളുടെയും നോവലുകളുടെയും ലോകത്ത് വിഹരിച്ച ഇദ്ദേഹത്തിന് ധാരാളം വായിക്കാൻ അവസരം ലഭിച്ചിരുന്നു. പിതാവ് സുധീന്ദ്രൻ വാങ്ങിച്ചുകൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ വായിക്കാൻ മാതാവ് ലില്ലിക്കുട്ടിയുടെ പ്രോത്സാഹനവുമുണ്ടായിരുന്നു. പിന്നീട്, ഇലക്ട്രോണിക്സിൽ ഡിപ്ലോമയും എംബിഎയും സ്വന്തമാക്കിയ ശേഷം ഉപജീവന മാർഗം കണ്ടെത്താനാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു അമേരിക്കൻ കമ്പനിയിൽ എച് ആർ–അഡ്മിൻ മാനേജർ തസ്തികയിൽ നിന്നാണ് ഇപ്പോൾ വിരമിക്കുന്നത്.

ottal

‌ഒറ്റാല്‍ കൊണ്ടുവന്ന അംഗീകാരം

ആദ്യമായി തിരക്കഥ എഴുതിയ ഒറ്റാൽ എന്ന ചിത്രത്തിന് 2014 ലെദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും മികച്ച അവലംബിത തിരക്കഥക്കുള്ള അവാർഡും ലഭിച്ചു. റഷ്യൻ എഴുത്തുകാരൻ ആൻ്റോൺ ചെക്കോവിൻ്റെ വാൻക എന്ന കഥയെ ആസ്പദമാക്കി രചിച്ച ഒറ്റാൽ ജയരാജ് ആണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ അനാഥ ബാലന്റെ ഹൃദയനൊമ്പരം പ്രേക്ഷകർ ഏറ്റുവാങ്ങിയപ്പോൾ, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ‍ുകളടക്കം ഇരുപതോളം പുരസ്കാരങ്ങൾ തേടിയെത്തി. ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളിലും ഒറ്റാൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ജോഷി രചിക്കുന്ന ചെറുകഥകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം മലയാളത്തിലെ ആനുകാലികങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. മികച്ചൊരു ഗായകൻ കൂടിയായ ഇദ്ദേഹത്തിൻ്റെ പാട്ടുകൾ  'Joshy Mangalath Songs' എന്ന പേരിൽ യു ട്യൂബിൽ ലഭ്യമാണ്. 

ഒറ്റാലിന് ശേഷം രണ്ട് തിരക്കഥകൾ കൂടി ജോഷി പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണം പൂർണമായും നീങ്ങിക്കഴിഞ്ഞാൽ അവയ്ക്ക് ചലച്ചിത്ര രൂപം നൽകാനുള്ള ഒരുക്കത്തിലാണ്. ഭാര്യ സന്ധ്യയും മക്കളായ നയൻ ജോഷി, നീൽ ജോഷി എന്നിവരുടെ പൂർണ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്ന് ജോഷി പറയുന്നു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com