ADVERTISEMENT

ഇന്ന് രാജ്യാന്തര പെൺകുട്ടി ദിനം

ദുബായ് ആർട് ഫെസ്റ്റിലടക്കം ചിത്രങ്ങൾ പ്രദർശിപ്പിച്ച വർഷ

ദുബായ് ∙ ‘എന്റെ ഹൃദയം പറയുന്നത് ചെയ്യാനാണു ഇഷ്ടം. സ്പോർട്സ് എനിക്ക് പറ്റുമെന്നു തോന്നുന്നില്ല’-നാലു വർഷം മുൻപു മോൾ ഇങ്ങനെ പറഞ്ഞപ്പോൾ എതിർത്തില്ല. അതു തന്നെയായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിയുന്നു. യുഎഇയിലെ അറിയപ്പെടുന്ന കലാകാരിയായ വർഷ സജു നായരെകുറിച്ച് പിതാവ് സജു നായർ പറഞ്ഞു. 

ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ വർഷ ഇതിനകം ദുബായ് ആർട് ഫെസ്റ്റ് ഉൾപ്പെടെയുള്ള രാജ്യാന്തര ചിത്ര പ്രദർശനങ്ങളിലും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സഹിഷ്ണുതാ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എമിറേറ്റ്സ് പാലസിൽ നടത്തിയ സമ്മേളനത്തിലും വർഷ വരച്ച ചിത്രവും പ്രദർശിപ്പിച്ചു. 

ഇറ്റലിയിൽ നിന്നിറങ്ങിയ മാസികയിൽ യുഎഇയിലെ പത്തു പ്രമുഖ കലാകാരന്മാരുടെ കൂടെ വർഷയെക്കുറിച്ചും ഫീച്ചർ വന്നു. ഇങ്ങനെ ഒട്ടേറെ നേട്ടങ്ങളിലേക്ക് മകൾ നടന്നു കയറുന്നത് സന്തോഷത്തോടെ കാണുകയാണ് സജുവും ഭാര്യ ഷൈമ നായരും. ചെറുപ്പത്തിലേ പല കാര്യങ്ങളിലായിരുന്നു വർഷയുടെ താൽപര്യമെന്ന് സജു പറഞ്ഞു. അതുകൊണ്ടു തന്നെ പാട്ടും ഡാൻസും ചിത്രകലയും പഠിപ്പിക്കാൻ വിട്ടു. എന്നാൽ ചിത്രകലയിൽ അവൾ ശരിയാകില്ലെന്ന് അധ്യാപകൻ വിധിയെഴുതി. അതുപക്ഷേ, അവളിൽ ചെറിയൊരു വാശി ജനിപ്പിച്ചിരിക്കാമെന്നു സജു പറയുന്നു. 

നൃത്തത്തിലും വർഷ മോശമായില്ല. ഗ്ലോബൽ വില്ലേജിൽ ഉൾപ്പെടെ യുഎഇയിൽ വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചു. തുടർന്ന് മകളെ സ്പോർട്സിലേക്ക് ഒരു കൈ നോക്കാമെന്നു കരുതിയപ്പോഴാണ് ഇതൊന്നും ശരിയാകില്ലെന്ന് അവൾ പറഞ്ഞത്.  ഒരിക്കൽ ടിവിയിൽ കണ്ട ലൂം ബാൻഡ് ആർട് പിന്നീട് യുട്യൂബ് വിഡിയോ കണ്ടു പഠിച്ച് ചെയ്യുന്നത് കണ്ടതാണ് വഴിത്തിരിവായതെന്നു സജു പറഞ്ഞു. 

‘ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ അവൾക്ക് കഴിയുമെന്ന് മനസ്സിലാക്കി വാട്ടർ കളറും പെൻസിലും പേപ്പറും എല്ലാം വാങ്ങി നൽകി. അതിനിടെ വീട്ടിലെത്തിയ ശ്യാം രവീന്ദ്രൻ എന്ന സുഹൃത്ത് അൽക്കൂസിലുള്ള കാർട്ടൂൺ ആർട് ഗ്യാലറിയെക്കുറിച്ചും മൃൺമയി സെബാസ്റ്റ്യൻ എന്ന ചിത്രകാരിയെകുറിച്ചും പറഞ്ഞു. വർഷയെ അവിടെ കൊണ്ടുപോയി. അത് അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. 

ചിത്രകല തൊഴിലായി സ്വീകരിക്കാൻ താൽപര്യമില്ല. സയൻസാണ് താൽപര്യം. പക്ഷേ ചിത്രകല അവളുടെ സന്തോഷമാണ്. അതവൾ ഉപേക്ഷിക്കില്ല-മകളുടെ താൽപര്യമറിഞ്ഞു പെരുമാറാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്ന് ജീവിതം കൊണ്ടു പറയുകയാണ് സജു. 

റെക്കോർഡുകൾ സൃഷ്ടിച്ച മകൾ; രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ സുചേത

‘മകൻ സുശാന്ത് പിറന്ന് അഞ്ചു വർഷത്തിനു ശേഷം അതേ തീയതിയിലാണ് മകൾ സുചേത ജനിച്ചത്, ഓഗസ്റ്റ് 17ന്. രണ്ടു പേരുടെയും രീതികളിലെ വ്യത്യാസം നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്’-സുമിത ആയില്ല്യത്ത് പറഞ്ഞു തുടങ്ങി. രണ്ട് ഗിന്നസ് റെക്കോർഡുകളുടെ ഉടമയാണ് സുചേത എന്ന പത്താം ക്ലാസുകാരി. ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ കച്ചേരി നടത്തിയതിനും ഏറ്റവുമധികം ഭാഷകളിൽ ഒരു സംഗീത പരിപാടിയിൽ പാടിയതിനും. 

suchetha-world-girls-day
സുചേത സതീഷ് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം.

‘മകൻ നല്ല വികൃതിയായിരുന്നു. സുചേത വളരെ ശാന്തയായിരുന്നു. ഇപ്പോൾ അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തിനെപ്പോലെയാണ്.

സുചേത നാലു വയസ്സു മുതലാണ് പാട്ടു പഠിച്ചു തുടങ്ങിയത്. അഞ്ചിലൊക്കെ പഠിക്കുമ്പോൾ വിവിധ ഭാഷകൾ പഠിക്കാൻ അവൾ മിടുക്കിയാണെന്ന് മനസ്സിലാക്കി. പിന്നീട് ആ രീതിയിൽ അവളെ പഠിപ്പിക്കുകയായിരുന്നു.”- മകളെ അവളുടെ ഇഷ്ടങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്ന രീതി സുമിത പറഞ്ഞു. 

ഇതിനൊപ്പം എല്ലാ പിന്തുണയുമായി ഭർത്താവ് ഡോക്ടറായ ടി.സി സതീഷും കൂടെ നിന്നു.

പെൺമക്കൾ തന്നെ സന്തോഷം, സമ്പാദ്യം; ഇംഗ്ലിഷ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ച തഹാനി ഹാഷിർ

ആഗ്രഹിച്ചതു പോലെ തന്നെ പെൺമക്കളെ കിട്ടിയ സന്തോഷത്തിലാണ് മാധ്യമ പ്രവർത്തകയായ തൻസിയും ഭർത്താവ് ഹാഷിറും. രണ്ടു പെൺക്കളാണ് ഈ ദമ്പതികൾക്ക്. ബിടെക്കിന് പഠിക്കുന്ന ലിയാനയും ഷാർജ അവർ  ഓൺ ഇംഗ്ലിഷ് ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരി തഹാനിയും. 

thahani-world-girls-day
തഹാനി ഹാഷിർ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം.

രണ്ടു വർഷം മുൻപു തഹാനിയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു. റോട്ടറി ഇന്റർനാഷനലിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും തഹാനി സ്വന്തമാക്കി.പെൺമക്കളോട് ഏതു പ്രായത്തിലും അമ്മ എന്ന നിലയിൽ നല്ലതു പോലെ സംവദിക്കാം എന്ന പ്രത്യേകതയുണ്ടെന്നു തൻസി പറയുന്നു. ‌

കാര്യങ്ങൾ തുറന്നു പറയാനാണു ശീലിപ്പിക്കുന്നത്. ആൺ-പെൺ വ്യത്യാസം കാണിച്ചു വളർത്തുന്നത് ശരിയല്ല. അങ്ങനെയൊരു വേർതിരിവ് എന്റെ വീട്ടിൽ ഇല്ലായിരുന്നു. ഞങ്ങളും രണ്ടുപെൺമക്കളായിരുന്നു – തൻസി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com