നാലാമത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം: ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകും
Mail This Article
ദുബായ് ∙ സാമൂഹിക അകലം പാലിച്ചുകൊണ്ട് ദുബായിൽ ഇനി വ്യായാമത്തിന്റെ ദിനരാത്രങ്ങൾ. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന നാലാമത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന് (ഡിഎഫ് സി) ഉജ്വല തുടക്കം. പ്രായഭേദമന്യേ ഇന്ത്യക്കാരടക്കം നൂറുകണക്കിന് പേര്‍ ആദ്യ ദിവസത്തെ വ്യായാമ പരിപാടികളിൽ പങ്കെടുത്തു.
നവംബർ 28 വരെ നടക്കുന്ന പരിപാടിയുടെ ലക്ഷ്യം പൊതുജനങ്ങളെ ഉൗർജസ്വലരാക്കി ഐക്യപ്പെടുത്തുക എന്നതാണ്. സാമൂഹിക അകലം പാലിച്ച് ഉയർന്ന നിലയിലുള്ള കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുള്ള വെർച്വൽ, ഫിസിക്കൽ പരിപാടികളുടെ സമന്വയമായിരിക്കും തുടർച്ചയായി 30 ദിവസം 30 മിനിറ്റ് നടക്കുന്ന പരിപാടികൾ. 200 വെർച്വൽ പരിപാടികൾ, 2000 ക്ലാസുകൾ, കായിക മത്സരങ്ങൾ, ആരോഗ്യ പരിപാലന പരിപാടികൾ, എന്നിവ 150 കേന്ദ്രങ്ങളിലായി അരങ്ങേറും. കോവിഡ് കാലത്ത് ആരോഗ്യപരിപാലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അധികൃതർ ഒാർമിപ്പിച്ചു.