ADVERTISEMENT

അബുദാബി∙ യുഎഇയിൽ ‌ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീണു മരിക്കുന്നത് ഒഴിവാക്കാനും ബാൽക്കണി സുരക്ഷ ഉറപ്പാക്കാനും നടപടികൾ ശക്തമാക്കുന്നു. ഇക്കാര്യത്തിൽ കെട്ടിട നിർമാതാക്കൾ മുതൽ താമസക്കാർ വരെ അതീവ ശ്രദ്ധ പുലർത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. അപകടസാധ്യതയ്ക്കുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

ബാൽക്കണിയിൽനിന്നു വീണു മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ബോധവൽക്കരണം ആരംഭിച്ചു. ബാൽക്കണിയിൽ നിന്നും ജനലിൽനിന്നും  താഴെ  വീഴാത്തവിധം അധിക സുരക്ഷ ഒരുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടു. ഇതിനായി ഇരുമ്പു കവചമോ മറ്റോ സ്ഥാപിക്കാൻ അനുമതി നൽകി. ജനൽ, ബാൽകണി എന്നിവയ്ക്കു  സമീപം മേശ, കസേര  തുടങ്ങി കുട്ടികൾക്കു പിടിച്ചുകയറാവുന്ന സാധനങ്ങൾ വയ്ക്കരുത്.

അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓർമിപ്പിച്ചു. ബാല സംരക്ഷണ നിയമപ്രകാരം  കുറ്റക്കാർക്ക് ഒരു വർഷം തടവോ 5000 ദിർഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. മാർച്ചിൽ ഷാർജയിൽ 11ാം നിലയിൽനിന്ന് 6 വയസ്സുകാരൻ വീണു മരിച്ചത് കസേരയിൽ പിടിച്ചുകയറിയാണ്. 2019 ഡിസംബറിൽ അൽ  മജാസിൽ 2 വയസ്സുള്ള സിറിയൻ പെൺകുട്ടി മരിച്ചതും സമാനരീതിയിൽ. 2019ലെ കണക്കനുസരിച്ച്  ഷാർജയിൽ മാത്രം 3 വർഷത്തിനിടെ 2നും 10നും ഇടയിൽ  പ്രായമുള്ള 15 കുട്ടികൾ ബഹുനില മന്ദിരങ്ങളിൽ നിന്നു വീണു മരിച്ചു.

ഗോഡൗണല്ല ബാൽക്കണി

അധികമുള്ള വീട്ടുസാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമല്ല ബാൽക്കണി. കുട്ടികൾക്ക് ഇവയ്ക്കു മുകളിൽ കയറാനുള്ള പ്രവണതയുണ്ടാകും. 13 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണം. ബാൽക്കണിയിൽ കുടുംബസമേതം ചെലവഴിച്ചു മുറിയിലേക്കു മടങ്ങുമ്പോൾ കസേരകളും മറ്റും  മാറ്റിയിടണമെന്നും അധികൃതർ ഓർമിപ്പിച്ചു.

നിർമാണത്തിലും ശ്രദ്ധിക്കണം

ബാൽക്കണിയുടെ ഭിത്തിക്കോ റെയിലിങ്ങിനോ ചുരുങ്ങിയത് 120 സെന്റീമീറ്റർ ഉയരമുണ്ടാകണം. സുരക്ഷ ഉറപ്പാക്കാൻ ജനാലകളിൽ ലോക്ക് ഘടിപ്പിക്കണം. പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ബാൽക്കണിയും ജനാലകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ഓൺലൈൻ ബോധവൽക്കരണം

വീടുകളിൽ ഉറപ്പാക്കേണ്ട സുരക്ഷിതത്വത്തെക്കുറിച്ചു രക്ഷിതാക്കളിൽ അവബോധം വളർത്താൻ സമൂഹ മാധ്യമങ്ങളിൽ അബുദാബി പൊലീസ് ബോധവൽകരണം ആരംഭിച്ചു. മലയാളം, ഇംഗ്ലിഷ്, ഉറുദു, അറബിക് ഭാഷകളിലാണ് ബോധവൽക്കരണം.

അധിക സുരക്ഷ ഉറപ്പാക്കാൻ

∙ ഉറപ്പുള്ളതും അടുപ്പം കൂടിയതുമായ ഗ്രില്ലുകൾ ബാൽക്കണികളിൽ ഘടിപ്പിക്കാം.  

∙ ബാൽക്കണിയിലേക്കുള്ള കതകിനു മുകളിൽ  കുട്ടികളുടെ  കൈ എത്താത്തവിധം ലോക്ക് ഉണ്ടാകണം.

∙ കുട്ടികളുടെ കിടക്കയും ക്രിബ്ബും ജനാലയ്ക്ക് അടുത്താകരുത്.

∙ ബാൽക്കണി ഡോർ തുറന്നിടരുത്.

∙ വായുവും വെളിച്ചവും കയറാന്‍ വലയുള്ള ഡോർ ഉപയോഗിക്കുമ്പോൾ അവ ഉറപ്പുള്ളതാകണം. കുട്ടികൾക്ക്  തുറക്കാൻ സാധിക്കാത്തതാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com