യുഎഇയിൽ 1065 പേർക്ക് കൂടി കോവിഡ്, രണ്ട് മരണം; ഗൾഫിൽ ആകെ 10 ലക്ഷം രോഗികൾ
Mail This Article
അബുദാബി ∙ കോവിഡ്19 ബാധിതരായ രണ്ടു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ മരിച്ചതായും ഇതോടെ ആകെ മരണം 554 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1065 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 707 പേർ രോഗമുക്തി നേടിയതായും അധികൃതർ പറഞ്ഞു. ആകെ രോഗികൾ: 160,055. രോഗമുക്തി നേടിയവർ: 149,578. ചികിത്സയിൽ ഉള്ളത്: 9923.
ഗൾഫിൽ കോവിഡ് രോഗികൾ 10 ലക്ഷം കവിഞ്ഞു
ഗൾഫ് മേഖലയിൽ ആകെ കോവിഡ് രോഗികൾ ഇന്ന് 10 ലക്ഷം കവിഞ്ഞു. ആകെ മരണം 9160 പിന്നിടുകയും ചെയ്തു. പുതുതായി 81,000 കോവിഡ് പരിശോധനകൾ നടത്തിയതോട യുഎഇയിൽ ആകെ കോവിഡ് പരിശോധന 15.8 ദശലക്ഷം കടന്നു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് വ്യക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.