ADVERTISEMENT

അബുദാബി ∙ വിപിഎസ് ഹെൽത്ത്കെയറിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി യുഎഇ ദേശീയദിനത്തിൽ ഉദ്ഘാടനം ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ ഭരണാധികാരികൾക്കൊപ്പം ഒറ്റക്കെട്ടായി അഹോരാത്രം പ്രയത്നിക്കുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ടായിരുന്നു 400 കിടക്കകളുള്ള മെഡിക്കൽ സിറ്റി രാജ്യത്തിന് സമർപ്പിച്ചത്.

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആകർഷണീയമായ ലേസർ ഷോയോടെയായിരുന്നു മുന്നണിപ്പോരാളികൾക്കുള്ള ആദരവ്. 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മെഡിക്കൽ സിറ്റിക്കു മുകളിൽ  ലേസർ വെളിച്ചത്തിൽ യുഎഇയുടെ പതാകയും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും ദൃശ്യമായി. വെല്ലുവിളികളെ നേരിടാൻ സ്വന്തം ജീവൻപോലും ത്യജിക്കാൻ തയ്യാറായ ആരോഗ്യപ്രവർത്തകർക്കുള്ള അഭിവാദ്യങ്ങളും നന്ദിയും അക്ഷരങ്ങളിൽ തെളിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ഓൺലൈനിലൂടെയായിരുന്നു സമർപ്പണ ചടങ്ങു വീക്ഷിക്കാനുള്ള അവസരം.

Burjeel-Medical-City-view-from-the-top

യുഎഇയിലെ അർബുദ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ബുർജീൽ മെഡിക്കൽ സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെറിഷ്യറി -ക്വാടർനറി ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മെഡിക്കൽ സിറ്റിയിൽ  അർബുദ ചികിത്സാ രംഗത്തെ രാജ്യാന്തര വിദഗ് ധരുടെ സേവനം  ലഭ്യമാകും. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള അർബുദ ചികിത്സ, ദീർഘകാല പരിചരണത്തിനും പാലിയേറ്റിവ് കെയറിനുമായി പ്രത്യേക വിഭാഗങ്ങൾ എന്നിവ ബുർജീൽ മെഡിക്കൽ സിറ്റിയിലുണ്ട്. കാൻസർ ജീനോമിക്സ് ഗവേഷണ രംഗത്തെ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി മെഡിക്കൽ സിറ്റി മാറുമെന്നാണ് പ്രതീക്ഷ.

Burjeel-Medical-City

ഇതിനകം രണ്ടു ഡസനോളം സുപ്രധാന ഗവേഷണ പഠനങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഗവേഷകർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത്യാധുനിക റേഡിയോ തെറാപ്പി, റേഡിയോ സർജറി ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ഇതോടൊപ്പം ദിനം പ്രതി ആയിരക്കണക്കിന് പരിശോധനകൾ നടത്താൻ ശേഷിയുള്ള അത്യാധുനിക ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com