സൗദിയിൽ പുതിയ നാല് എണ്ണ-വാതക കിണറുകൾ കൂടി കണ്ടെത്തിയതായി ഊർജ മന്ത്രി
Mail This Article
റിയാദ്∙സൗദി അരാംകോയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ നാല് എണ്ണ-വാതക കിണറുകൾ കൂടി കണ്ടെത്തിയതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അറിയിച്ചു. ദഹ്റാന് വടക്കുപടിഞ്ഞാറായി അൽ റീഷ്, ഗവാറിന് തെക്ക് പടിഞ്ഞാറ് സ്വറയിലെ അൽ മിനഹ്ഹസ്, ഗവാറിന് വടക്ക് അൽ ശഹ്ബ, വടക്കൻ അതിർത്തി മേഖലയിലെ റഫ്ഹയുടെ വടക്ക് പടിഞ്ഞാറ് അൽ അജ്റമിയ എന്നീ പാടങ്ങളിലാണ് പുതുതായി കിണറുകൾ കണ്ടെത്തിയത്.
പാരമ്പര്യേതര എണ്ണപ്പാടമായ ദഹ്റാന് വടക്കു പടിഞ്ഞാറായി കണ്ടെത്തിയ അൽ റീഷ് എണ്ണക്കിണർ നമ്പർ 2 ൽ നിന്ന് പ്രതിദിനം 4,452 ബാരൽ അതി നേർമയുള്ള അറബ് ക്രൂഡ് ഓയിലും 3.2 ദശലക്ഷം ഘനയടി പ്രകൃതി വാതകവും ലഭിക്കുന്നതായി മന്ത്രി വെളിപ്പെടുത്തി. അൽ മിനഹ്ഹസിൽ നിന്ന് പ്രതിദിനം 18 ദശലക്ഷം ഘനയടി പ്രകൃതി വാതകവും 98 ബാരൽ സാന്ദ്രീകൃത എണ്ണയും ലഭിക്കുന്നു. അൽ ശഹ്ബയിൽ നിന്ന് പ്രതിദിനം 32 ദശലക്ഷം ഘനയടി പ്രകൃതി വാതകമാണ് ലഭിക്കുന്നത്. അൽ അജ്റമയിൽ നിന്ന് പ്രതിദിനം 3850 ബാരൽ ക്രൂഡ് ഓയിൽ നിരക്ക് കാണിക്കുന്നതായി മന്ത്രി പറഞ്ഞു.
ബൽ തുവൈഖിൽ ഭാരം കുറഞ്ഞ അറേബ്യൻ എണ്ണ ഉത്പാദിപ്പിക്കാനുള്ള സാധ്യത നേരത്തെ തെളിയിച്ചതിനാൽ അൽ റീഷ് പാടത്തെ പുതിയ സംഭരണി കണ്ടെത്തലിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഊർജ മന്ത്രി പറഞ്ഞു. കണ്ടെത്തിയ പുതിയ മേഖലകളുടെ വിസ്തൃതിയും വലുപ്പവും നിർണയിക്കുന്നതിനും അവയിലെ എണ്ണ-വാതക-സാന്ദ്രീകൃത ഇന്ധനങ്ങൾ എന്നിവയുടെ അളവ് കണക്കാക്കുന്നതിനും സൗദി അരാംകോയുടെ പര്യവേഷണങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.