ADVERTISEMENT

അബുദാബി∙ മണലാരണ്യത്തിന്റെ  സ്പന്ദനമറിഞ്ഞു മണ്ണിലിറങ്ങിയ മലയാളി ഡോക്ടർ ദമ്പതികൾ വിളവെടുത്തതു നൂറുമേനി. വെല്ലുവിളി നിറഞ്ഞ ജോലിക്കിടയിലാണ് ഇവർ മണ്ണിൽ പൊന്നു വിളിയിക്കുന്നത്. വൈറ്റ് കോളർ ജോലി പ്രകൃതിയിൽനിന്ന് അകലാനുള്ളതല്ലെന്ന്  പറയുന്ന  ഇവർ  ജൈവകൃഷിയുടെ പ്രചാരകരും പരമ്പരാഗത വിത്തു സംരക്ഷകരും കൂടിയാണ്.

sainul-saudabi

കണ്ണൂർ സ്വദേശിയും അൽഐൻ തവാം ആശുപത്രിയിലെ ശിശുരോഗ അർബുദ വിദഗ്ധനുമായ ‍ഡോ. സൈനുൽ ആബിദീൻ, ഭാര്യയും അബുദാബി കോർണിഷ് ആശുപത്രിയിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഫീറ്റൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. സൗദാബി വളപ്പിൽ എന്നിവരാണു ജൈവ കൃഷി നടത്തുന്നത്. അബുദാബി–ദുബായ് റോഡിൽ ഷഹാമയിൽനിന്ന് അൽപം  ഉള്ളിലേക്കു  മാറി  അൽറഹ്ബ മേഖലയിലാണ് ഇവരുടെ ഫാം.

uae-agriculture

 പഴം, പച്ചക്കറി മാത്രമല്ല വിവിധയിനം പൂക്കളും നാടൻ കോഴി, താറാവ്, പശു, മത്സ്യം എന്നിവയുമുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ കൃഷി താൽപര്യം ഡോ. ആബിദിന്റെ ഉള്ളിൽ തഴച്ചുവളർന്നു. 15 വർഷം ലണ്ടനിൽ ജോലി ചെയ്തപ്പോഴും പിന്നീട് യുഎഇയിലെത്തിയപ്പോഴും അത് പടർന്നു പന്തലിച്ചു. അടുക്കളയിൽ കണ്ട പഴുത്ത മുളകിൽനിന്നു കുരുവെടുത്ത് മുളപ്പിച്ചായിരുന്നു ആദ്യപരീക്ഷണം. പിന്നീട് വാഴയും കപ്പയും നട്ടും കോഴി, ആട്, പ്രാവ് എന്നിവയെ പരിചരിച്ചു വളർത്തിയും പ്രകൃതിയോടു ഇണങ്ങി ജീവിച്ചു.

hen

നീണ്ട യാത്ര ഒഴിവാക്കാൻ അദ്ദേഹം ഇന്നലെ അബുദാബി ബുർജീൽ ആശുപത്രിയിലേക്കു മാറി. ഡോ. സൗദാബി കൃഷിയുടെ നല്ലപാഠമറിയുന്നതു ഭർത്താവിൽ നിന്നാണ്. പരമ്പരാഗത വിത്തിന്റെ തനിമയും പ്രതിരോധ ശേഷിയും മനസ്സിലാക്കിയ അവർ മണലാരണ്യത്തിൽ പരീക്ഷിക്കാൻ തിരഞ്ഞെടുത്തതു നൂറോളം അസ്സൽ വിത്തുകളാണ്. തക്കാളി (25 ഇനം), പച്ചമുളക്, വഴുതന (20),   പയർ (10), മത്ത, കുമ്പളം, ചുരക്ക (6), പാവൽ, പടവലം, അമര,  വെണ്ട (3), ബീൻസ്, റാഡിഷ് (3), ചീര (5), കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ് റൂട്ട് എന്നുവേണ്ട ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയുന്നു.

duck

ജൈവകൃഷിയിൽ വിജയഗാഥ രചിച്ച ഇവർക്കു ഓർഗാനിക് സർട്ടിഫിക്കറ്റും ലഭിച്ചു. തലമുറകൾ കൈമാറി സംരക്ഷിച്ചുവരുന്ന വിത്തുകൾ ശേഖരിച്ച് യുഎഇയിലെത്തിച്ചത് ‍ഇവരുടെ സുഹൃത്തായ തമിഴ്നാട് സ്വദേശി ആശയാണ്. ഈ വിത്തുകൾ യുഎഇയിൽ നട്ടുപിടിപ്പിച്ച് വളർത്തി വിത്തുണ്ടാക്കി നാടനാക്കിയാണ് ആശ ഇവർക്കു സമ്മാനിച്ചത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യവേ സ്വന്തമായി വീടും സ്ഥലവും വാങ്ങി ഡോക്ടർ ദമ്പതികൾ അവിടെയും കൃഷി ചെയ്തു.  അന്നു നട്ട മുന്തിരി കുലച്ചുനിൽക്കുന്നതു കാണാൻ എല്ലാ വർഷവും ഇംഗ്ലണ്ടിൽ പോകാറുണ്ട്. കൃഷി അത്രയ്ക്കും  ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഈ ഡോക്ടർ ദമ്പതികൾ.

sainul-saudabi-dog
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com