ദേശീയ കായികദിനാഘോഷം കടുത്ത നിയന്ത്രണങ്ങളോടെ
Mail This Article
ദോഹ∙ ദേശീയ കായികദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. ഇൻഡോർ വേദികളിലെ കായികദിന പരിപാടികൾക്ക് വിലക്ക്.
നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വരുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം.
എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇത്തവണ ഫെബ്രുവരി 9 നാണ് കായിക ദിനം.
പുറംവേദികളിൽ മാത്രമേ കായികദിന പരിപാടികൾ നടത്താൻ പാടുള്ളുവെന്ന് ദേശീയ കായിക ദിന സംഘാടക കമ്മിറ്റി നിർദേശിച്ചു. കർശന കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ഇത്തവണത്തെ കായിക ദിന പരിപാടികൾ.
ജാഗ്രത കൈവിടരുത്
കളിക്കാർ തമ്മിൽ നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വരുന്ന ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവരെല്ലാം നിർബന്ധമായും ആർടി-പിസിആർ കോവിഡ് പരിശോധന നടത്തണം. മത്സരത്തിന് 72 മണിക്കൂർ മുൻപായി കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. ആർടി, പിസിആർ പരിശോധനകൾ ഹമദ് മെഡിക്കൽ കോർപറേഷനിലോ ദേശീയ റഫറൻസ് ലാബിലോ നടത്താണം. പരിശോധനയ്ക്ക് തയാറാകാത്തവരെ പരിപാടിയിൽ പങ്കെടുപ്പിക്കില്ല. അതേസമയം മാരത്തൺ, നടത്തം, സൈക്ലിങ്, ബോട്ട്, കടൽ സംബന്ധമായ പരിപാടികളും ഗെയിമുകളും എന്നിവയിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് പരിശോധന ആവശ്യമില്ല.
ഭക്ഷണം റെഡി- മെയ്ഡ് മാത്രം
റെഡി-മെയ്ഡ് അല്ലെങ്കിൽ നേരത്തെ പായ്ക്ക് ചെയ്ത ഭക്ഷണം മാത്രമേ പരിശീലന, മത്സര വേദികളിൽ അനുവദിക്കൂ. നിശ്ചിത അകലം പാലിച്ചു വേണം ഭക്ഷണം കഴിക്കാനുള്ള മേശകൾ ഇടാൻ. വേദികളിലെ ഭക്ഷണ വിൽപന ശാലകളിലും ഭക്ഷ്യ ഇളവുകൾ നൽകുന്ന ഇടങ്ങളിലും ടേക്ക്-എവേ മാത്രമേ അനുവദിക്കൂ. ഡിസ്‌പോസബിൾ പായ്ക്കറ്റിലാക്കി വേണം ഭക്ഷണം കൊടുക്കാൻ. ബുഫെ അനുവദിക്കില്ല. ഭക്ഷണം വാങ്ങാനുള്ള ക്യൂവിലും അകലം പാലിക്കണം.
കാണികൾ 30 %
പുറം വേദികളിൽ ഇരിപ്പിട ശേഷിയുടെ 30 ശതമാനം കാണികളെ മാത്രമേ അനുവദിക്കൂ. കാണികൾ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാം. എന്നാൽ അകലം പാലിക്കണം. 37.8 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീര താപനിലയുള്ളവർക്ക് പ്രവേശനം പാടില്ല.
ജീവനക്കാർ, കളിക്കാർ, കാണികൾ തുടങ്ങി എല്ലാവരേയും വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ശരീര താപനില പരിശോധിക്കണം.
എല്ലാ കാണികളും എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം. ഗേറ്റുകൾ നേരത്തെ തുറക്കണം. ഗാലറിയിലിരുന്ന് പാട്ടോ ഡാൻസോ ഒന്നും പാടില്ല. കോവിഡ് മുൻകരുതൽ നിർബന്ധമായും പാലിക്കണം.
കോവിഡ് മുൻകരുതലുകൾ
കായിക പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മൊബൈലിൽ ഇഹ്‌തെറാസ് ആപ്പിലെ പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ പ്രവേശനമുള്ളു. മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ വേദികളിലേയ്ക്ക് ബസുകളിലോ സ്വകാര്യ വാഹനങ്ങളിലോ വേണം എത്തിക്കാൻ. 50 സീറ്റുകളുള്ള ബസാണെങ്കിൽ പരമാവധി 25 പേരെ മാത്രമേ ഒരു സമയം കൊണ്ടുവരാൻ പാടുള്ളു. ബസിനുള്ളിൽ 1.5 മീറ്റർ അകലം പാലിക്കണം. സ്വകാര്യ കാറിലാണെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേരിൽ കൂടാൻ പാടില്ല. എല്ലാവരും യാത്രക്കിടെ മാസ്‌ക് ധരിക്കണം.
കളിക്കാർ വേദികളിലെത്തിയാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം. പരിശീലനം, തയാറെടുപ്പുകൾ എന്നിവയ്ക്കിടയിലെല്ലാം സുരക്ഷിത അകലം നിർബന്ധം. പരിശീലന, മത്സര വേദികളിലെല്ലാം എല്ലാ മത്സരാർഥികളുടെയും ശരീര താപനില പരിശോധിക്കാൻ ജീവനക്കാരെ നിയോഗിക്കണം. മത്സരാർഥികൾ വസ്ത്രങ്ങൾ, ടവലുകൾ, സോപ്പ് തുടങ്ങി കുടിക്കാനുള്ള കുപ്പിവെള്ളം ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ ഒന്നും മറ്റുള്ളവരുമായി പങ്കിടരുത്. വിദേശങ്ങളിൽ നിന്നെത്തുന്ന കളിക്കാർ, അതിഥികൾ എന്നിവർ നിർബന്ധമായും ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. ഹമദ് വിമാനത്താവളത്തിൽ എത്തുമ്പോഴും ക്വാറന്റീനിൽ ആറാമത്തെ ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം.