ADVERTISEMENT

ദുബായ് ∙ യുഎഇയുടെ പൗരത്വ നിയമത്തിൽ ചരിത്രപരമായ ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ പ്രവാസികൾക്ക് ആഹ്ലാദം. നിക്ഷേപകർ, പ്രഫഷനലുകൾ, പ്രതിഭകൾ, കലാകാരന്മാർ, ഇവരുടെയെല്ലാം കുടുംബങ്ങൾ തുടങ്ങിയവർക്കാണ് പൗരത്വം ലഭിക്കുക. തങ്ങളുടെ യഥാർഥ പൗരത്വം ഇതോടൊപ്പം നിലനിർത്തുകയും ചെയ്യാം. 

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഇൗ മേഖലകളിൽ ശ്രദ്ധേയരാണ്. യുഎഇയുടെ വികസനത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കുള്ള ആദരവാണ് പൗരത്വനിയമ ഭേദഗതിയെന്ന് അധികൃതർ പറഞ്ഞു. കിരീടാവകാശിയുടെ കോർട്, എക്സിക്യുട്ടീവ് കൗൺസിലുകൾ, ഫെഡറൽ മന്ത്രിസഭ എന്നിവ കൂടിച്ചേർന്നാണ് ഇതുസംബന്ധമായി തീരുമാനമെടുക്കുക. പൗരത്വം ലഭിക്കുന്നവർക്ക് ഒട്ടേറെ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും.

പൗരത്വത്തിന് അർഹത ആർക്ക്?

 നിക്ഷേപകർ

 ഡോക്ടർമാർ

 സ്പെഷ്യലിസ്റ്റുകൾ

ഉപജ്ഞാതാക്കൾ

ശാസ്ത്രജ്ഞർ

 പ്രതിഭകൾ

 ബുദ്ധിജീവികൾ

 കലാകാരന്മാർ

മുകളിൽ പറഞ്ഞവരുടെ കുടുംബങ്ങൾ.

നിബന്ധനകൾ

∙നിക്ഷേപകർ

നിക്ഷേപകർക്ക് യുഎഇയിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടായിരിക്കണം.

∙ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും 

യുഎഇയിൽ അനിവാര്യജോലി ചെയ്യുന്നവരായിരിക്കണം. കൂടാതെ, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമാകണം. പ്രമുഖ സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യുന്നത്.

∙ശാസ്ത്രജ്ഞർ 

യൂണിവേഴ്സിറ്റിയിലോ, ഗവേഷക കേന്ദ്രത്തിലോ, സ്വകാര്യ മേഖലയിലോ ഗവേഷകരായിരിക്കണം. ഇൗ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശാസ്ത്രഗവേഷണത്തിൽ രാജ്യത്തിന് എന്തെങ്കിലും സംഭാവന നൽകിയതിന് അംഗീകാരം ലഭിച്ചവർക്കായിരിക്കും മുൻഗണന.യുഎഇയിലെ ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തിൽ നിന്നുള്ള അംഗീകാരപത്രം നിർബന്ധമാണ്.

∙ ഉപജ്ഞാതാക്കൾ

യുഎഇ സാമ്പത്തിക വകുപ്പിൽ നിന്നോ മറ്റേതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും കണ്ടുപിടിത്തത്തിന് യുഎഇ സാമ്പത്തിക മന്ത്രാലയം അംഗീകരിച്ച ഒന്നോ അതിലേറെയോ 'പേറ്റൻ്റു'കൾ ലഭിച്ചവരായിരിക്കണം. സാമ്പത്തിക മന്ത്രാലയത്തിൻ്റെ കത്ത് ഹാജരാക്കണം.

∙ കലാകാരന്മാർ

കലാകാരന്മാരും ബുദ്ധിജീവികളും തങ്ങളുടെ മേഖലകളിൽ പ്രമുഖ സ്ഥാനമുള്ളവരും ഒന്നിലേറെ രാജ്യാന്തര അംഗീകാരങ്ങൾ നേടിയവരുമായിരിക്കണം. ഇതുസംബന്ധമായ സർക്കാർ കത്ത് നിർബന്ധം.

∙ പൗരത്വം പിൻവലിക്കാം

നിയമാവലികൾ ലംഘിച്ചതായി കണ്ടെത്തിയാൽ യുഎഇ പൗരത്വം പിൻവലിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com