എല്‍എന്‍ജി മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഖത്തര്‍
Mail This Article
ദോഹ ∙ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഉല്‍പാദകരാകാന്‍ ഖത്തര്‍ തയാറെടുക്കുന്നു. നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുറഞ്ഞ ചെലവില്‍ എല്‍എന്‍ജി ഉല്‍പാദിപ്പിക്കാന്‍ കഴിയും. എണ്ണ വില ബാരലിന് 20 ഡോളറില്‍ താഴെ എത്തിയാല്‍ പോലും ഇതു സാധ്യമാണെന്നും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും ഊര്‍ജ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബി വ്യക്തമാക്കി.
എല്‍എന്‍ജി ശേഷി 50 ശതമാനത്തിലധികം വര്‍ധിപ്പിച്ച് 2027 നകം പ്രതിവര്‍ഷം 12.6 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ലക്ഷകണക്കിന് ഡോളര്‍ ആണ് രാജ്യം ചെലവിടുന്നതെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അല്‍കാബി വെളിപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിലും തടസ്സമില്ലാതെ എല്‍എന്‍ജി വിതരണവും സജീവമാണ്. കഴിഞ്ഞ വര്‍ഷം ആഗോള വിതരണത്തിലെ 23 ശതമാനവും ലോകത്തിലെ പ്രധാന എല്‍എന്‍ജി വിതരണ രാജ്യങ്ങളിലൊന്നായ ഖത്തറിന്റേതായിരുന്നു.
എണ്ണ, കല്‍ക്കരി എന്നിവയില്‍ നിന്നും ക്ലീന്‍ എനര്‍ജിയിലേക്കുള്ള ലോകത്തിന്റെ ചുവടുവെയ്പ് എല്‍എന്‍ജിയുടെ ഡിമാന്‍ഡ് കൂട്ടുന്നതിനാല്‍ അടുത്ത രണ്ടു ദശകത്തില്‍ എല്‍എന്‍ജി മേഖലയില്‍ ആധിപത്യം ശക്തിപ്പെടുത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം. എണ്ണവില ഇടിവ് പരിഹരിക്കാന്‍ വേണ്ടി വാതക ഉല്‍പാദനം വെട്ടിക്കുറക്കില്ലെന്ന് നേരത്തെ തന്നെ അല്‍കാബി വ്യക്തമാക്കിയിരുന്നു. 2025 നകം നിലവിലെ 7.7 കോടി ടണ്‍ പ്രതിവര്‍ഷ എല്‍എന്‍ജി ഉല്‍പാദന ശേഷി 11 കോടി ടണ്‍ ആയും 2027 ഓടെ 12.6 കോടി ടണ്‍ ആക്കിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വടക്കന്‍ എണ്ണപ്പാടത്തിന്റെ വിപുലീകരണം.
കഴിഞ്ഞ ആഴ്ചയാണ് നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതിയുടെ പ്രധാന നിര്‍മാണങ്ങള്‍ക്കായി ചിയോദയും ടെക്നിപ് എനര്‍ജീസുമായി ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവച്ചത്. എല്‍എന്‍ജി വിതരണത്തിനായുള്ള കപ്പല്‍ നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം മൂന്ന് വന്‍കിട കൊറിയന്‍ കപ്പല്‍ നിര്‍മാണ ശാലകളുമായും ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവച്ചിരുന്നു. നോര്‍ത്ത് ഫീല്‍ഡിലെയും യുഎസിലേയും നിലവിലെ എല്‍എന്‍ജി വിപുലീകരണ പദ്ധതിയിലേക്കു കൂടി ലക്ഷ്യമിട്ടാണ് 7,000 കോടി റിയാലില്‍ അധികം മൂല്യമുള്ള കരാറുകളില്‍ ഒപ്പുവച്ചത്. എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കാവുന്ന ഹൈബ്രിഡ് എന്‍ജിനുകളുള്ള നൂറിലധികം പുതിയ കപ്പലുകള്‍ ഖത്തര്‍ സ്വന്തമാക്കുന്നതോടെ അടുത്ത 7-8 വര്‍ഷത്തേക്ക് എല്‍എന്‍ജി വാഹക കപ്പല്‍ വ്യൂഹത്തിന്റെ ആവശ്യകത നിറവേറ്റാനും കഴിയും.