കടൽ കടന്നെത്തി തിരഞ്ഞെടുപ്പ് ആവേശം
Mail This Article
ദോഹ∙ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ ആവേശം ദോഹയിലെയെങ്കിലും പ്രവാസി മലയാളികൾക്കിടയിൽ തിരഞ്ഞെടുപ്പ് 'ചൂട് 'കനക്കണമെങ്കിൽ സ്ഥാനാർഥി നിർണയം കഴിയണം. ഓൺലൈൻ പ്രചാരണങ്ങളിലാണ് തന്നെയാണ് പ്രവാസി സംഘടനകളുടെ ഫോക്കസ്. പഴയതു പോലെ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് നാട്ടിലെത്തി വോട്ടു ചെയ്തു പിറ്റേ ദിവസം ഗൾഫിലേക്ക് തിരികെ എത്തിയിരുന്ന കാലം കഴിഞ്ഞു. കോവിഡ് വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി വേണം പ്രവാസികളുടെ നാട്ടിലേക്കുള്ള വോട്ടു യാത്ര.
നാട്ടിൽ പോയി വോട്ടു ചെയ്യാൻ കാത്തിരിക്കുന്ന ദോഹയിലെ പ്രവാസി വോട്ടർമാർക്ക് മടങ്ങി വരുമ്പോൾ ദോഹയിൽ സ്വന്തം ചെലവിൽ 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ എന്നത് വലിയ കടമ്പയാണ്. നാട്ടിലേക്ക് പോകുമ്പോൾ തന്നെ ഓട്ടമാറ്റിക് എക്‌സെപ്ഷണൽ എൻട്രി പെർമിറ്റ് ലഭിക്കുമെന്നതിനാൽ പെർമിറ്റ് സംബന്ധിച്ച് തലവേദനയില്ലെങ്കിലും ഹോട്ടൽ ലഭ്യത അനുസരിച്ചേ വരാൻ കഴിയൂ എന്നത് മടങ്ങി വരവിന്റെ കാലതാമസത്തിന് വഴിയൊരുക്കും. നല്ലൊരു തുക ക്വാറന്റീനിൽ കഴിയാൻ കരുതുകയും വേണം. അതേസമയം കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മടങ്ങിയെത്തുമ്പോൾ ക്വാറന്റീൻ വേണ്ട എന്നത് വാക്‌സിനെടുത്തവരുടെ വോട്ടുയാത്ര എളുപ്പമാക്കും.
ഖത്തർ കെഎംസിസി
മൂന്നു നാല് മാസങ്ങളായി വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ തന്നെയായിരുന്നു ഖത്തർ കെഎംസിസി. പ്രചാരണ പ്രവർത്തനങ്ങളുടെ ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുന്നതേയുള്ളു. സ്ഥാനാർഥി നിർണയം കഴിയുന്നതോടെ കാര്യങ്ങൾ ഉഷാറാകും. അധികം താമസിയാതെ പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ പറഞ്ഞു. 250 പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ, 60 മണ്ഡലം കമ്മിറ്റികൾ, 8 ജില്ലാ കമ്മിറ്റികൾ, 4 ഏരിയ കമ്മിറ്റികൾ എന്നിവയാണ് ഖത്തർ കെഎംസിസിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. യുഡിഎഫിന് പിന്തുണയുള്ള മണ്ഡലങ്ങളിൽ പ്രചാരണങ്ങൾ ശക്തിപ്പെടുത്തും. കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്യാംപെയ്‌നുകളാണ് ലക്ഷ്യം. സ്ഥാനാർഥികളെ പരിചയപ്പെടുത്തൽ, കൺവൻഷനുകൾ, സംഗമങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികളുമായി ഓൺലൈൻ പ്രചാരണങ്ങൾ സജീവമാക്കും. വോട്ടു ചെയ്യാൻ കഴിയത്തക്ക വിധത്തിൽ നാട്ടിലേക്ക് പോകാൻ കണക്കാക്കി വേണം വാർഷിക അവധിയെടുക്കാനെന്ന് കെഎംസിസി പ്രവർത്തകർക്ക് നേരത്തെ തന്നെ നിർദേശം നൽകി. കഴിഞ്ഞ തവണത്തെ പോലെ പ്രവാസി വോട്ടർമാർക്ക് നാട്ടിലേക്ക് എത്താൻ ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചാകും തീരുമാനിക്കുക.
ഇൻകാസ് ഖത്തർ
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടാൻ സ്ഥാനാർഥി നിർണയത്തിനുള്ള കാത്തിരിപ്പിലാണ് ഇൻകാസ് ഖത്തറും. ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്നെയാണ് ശ്രദ്ധചെലുത്തുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല വ്യക്തമാക്കി. നാട്ടിൽ പോയി വോട്ടു ചെയ്യാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും തയാറെടുക്കുന്ന പ്രവർത്തകരും ഏറെയുണ്ട്. അതേസമയം കോവിഡ് കാലത്തെ ക്വാറന്റീൻ നടപടികൾ നാട്ടിലേക്കുള്ള യാത്രയെ സാരമായി ബാധിക്കുമെന്നും സമീർ ചൂണ്ടിക്കാട്ടി.
ഖത്തർ സംസ്‌കൃതി
നാട്ടിൽ പോയി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളികളാകാനും വോട്ടു ചെയ്യാനും പരമാവധി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ പിന്തുണ നൽകാനുമാണ് ഖത്തർ സംസ്‌കൃതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എ.സുനിൽകുമാർ പറഞ്ഞു. സ്ഥാനാർഥി നിർണയം കഴിയുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ സജീവമാകും.