ദുബായിൽ ആധുനിക സൗകര്യങ്ങളോടെ രണ്ടു ബസ് സ്റ്റേഷനുകൾ കൂടി
Mail This Article
ദുബായ്∙ ദുബായിൽ പുതിയ രണ്ട് 'അടിപൊളി' ബസ് സ്റ്റേഷനുകൾ കൂടി. ഉൗദ്മേത്ത, സത്വ എന്നിവിടങ്ങളിലാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ആധുനിക സൗകര്യങ്ങളോടെ മോഡൽ ബസ് സ്റ്റേഷനുകൾ നിർമിച്ചത്. ആധുനികവും പരമ്പരാഗതവുമായ ശൈലികൾ ചേർത്ത് നിർമിച്ച ഉന്നത നിലവാരത്തിലുള്ള സ്റ്റേഷനുകൾ ആരെയും ആകർഷിക്കും.
ഉൗദ് മേത്ത ബസ് സ്റ്റേഷൻ മെട്രോ സ്റ്റേഷനടുത്ത്
9640 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് ഉൗദ് മേത്ത മെട്രോ സ്റ്റേഷനടുത്താണ് നിർമിച്ചിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്നു നിലകളുള്ള കെട്ടിടമാണിത്. റൂഫ് ടോപ് കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ടാക്സി എന്നിവയ്ക്ക് പാർക്കിങ് സൗകര്യവും ബൈക്ക് ട്രാക്കും ഉണ്ട്.
യാത്രക്കാർക്ക് വിശ്രമകേന്ദ്രം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രാർഥനാ മുറി, ഒാഫിസുകൾ, മൂത്രപ്പുര എന്നിവയും കിയോസ്കുകൾ, നോൽ കാർഡ് മെഷീനുകൾ, ബസ് ഇൻഫർമേഷൻ ഡിസ്പ്ലേ പാനൽ, കസ്റ്റമേഴ്സ് ഹാപ്പിനസ് ഇൻഡക്സ്, എടിഎം, റിഫ്രഷ്മെന്റ്–സ്നാക്സ് വെൻഡിൻ മെഷീൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, ക്ലബുകൾ, ഒാഫീസുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. ദുബായിൽ മാള്‍, ഇന്റർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 2 റൂട്ടുകളടക്കം ഒട്ടേറെ ബസ് റൂട്ടുകൾ ഇവിടെ നിന്ന് പ്രവര്‍ത്തിക്കും. പ്രതിദിനം 10,000 റൈഡുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സത്‍വ സ്റ്റേഷൻ
സത്‌വ ബസ് സ്റ്റേഷൻ സ്ഥാപിച്ചത് 11,912 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ്. ഗ്രൗണ്ട് ഫ്ലോർ കൂടാതെ ഒരു നിലയും റൂഫ് ടോപ് കാർ പാർക്കിങ്ങും ഉണ്ട്. ബസുകൾ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് പാർക്കിങ് സ്ഥലസൗകര്യമൊരുക്കി. പ്രതിദിനം 7800 റൈഡുകൾ ഇവിടെ നിന്നുണ്ടായിരിക്കും. വൈകാതെ അത് 15,000 റൈഡുകളാക്കി വർധിപ്പിക്കാനാണ് തീരുമാനം. ബസുകൾക്കും സർവീസ് നടത്താത്ത ബസുകള്‍ക്കും പാർക്കിങ് സൗകര്യമുണ്ട്. പിക്ക് അപ് ആൻഡ് ഡ്രോപ് ഒാഫ് പോയിന്റ്, ടാക്സികൾക്കും ജീവനക്കാരുടെയും യാത്രക്കാരുടെയും വാഹനങ്ങൾക്കും പാർക്കിങ് സൗകര്യം കൂടാതെ, ബൈക്ക് ട്രാക്കുകളുമുണ്ട്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രാർഥനാ മുറി, ഒാഫിസുകൾ, മൂത്രപ്പുര എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, കിയോസ്കുകൾ, നോൽ കാർഡ് മെഷീനുകൾ, ബസ് ഇൻഫർമേഷൻ ഡിസ്പ്ലേ പാനൽ, കസ്റ്റമേഴ്സ് ഹാപ്പിനസ് ഇൻഡക്സ്, എടിഎം, റിഫ്രഷ്മെന്റ്–സ്നാക്സ് വെൻഡിൻ മെഷീൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
അടുത്തിടെ ആർടിഎ അൽ ജാഫിലിയ്യ, അൽ ഗുബൈബ, എത്തിസലാത്ത് എന്നിവിടങ്ങളിൽ നാലു ബസ് സ്റ്റേഷനുകൾ തുറന്നിരുന്നു. അടിസ്ഥാന യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു സത്‌വയിലും ഉൗദ്മേത്തയിലും മോഡൽ ബസ് സ്റ്റേഷനുകൾ നിർമിച്ചതെന്ന് ആർടിഎ ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ജനങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ സ്ഥലത്താണു സ്റ്റേഷനുകൾ യാഥാർഥ്യമായത്.